കോഴിക്കോട് : എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖാവ് ആർഷോയെ നേരിൽ കണ്ടത് എന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
‘കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല’ റിയാസ് പറഞ്ഞു. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്‌ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്‌ഐയെ അപരാജിതരായി നിലനിർത്തുന്നതെന്നും റിയാസ് പറഞ്ഞു.
മഹാരാജാസ് കോളേജിൽ എഴുതാത്ത പരീക്ഷയ്ക്ക് ഫുൾ മാർക്ക് ലഭിച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവായ ആർഷോയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് തന്നെയും സംഘടനയെയും അപമാനിക്കാനുളള ശ്രമമായിരുന്നുവെന്നും അദ്ധ്യാപകരുടെ സഹായത്തോടെ തന്റെ മാത്രം മാർക്ക് ലിസ്റ്റ് തിരുത്തുകയാണ് ഉണ്ടായത് എന്നും ആർഷോ വാദിച്ചു. സംഭവം റിപ്പോർട്ട് ചെയ്ത് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് ആർഷോ പോലീസിൽ പരാതി നൽകിയത്.
അതിനിടെ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആരോപണവിധേയനായ നിഖിൽ തോമസ് ഹാജരാക്കിയ ഡിഗ്രി സർട്ടിഫിക്കറ്റെല്ലാം പരിശോധിച്ചെന്നും എല്ലാം ഒറിജിനലാണെന്നും പി എം ആർഷോ പറഞ്ഞു. കലിംഗ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചതും പാസായതും നിഖിൽ ഹാജരാക്കിയ രേഖകളിൽ നിന്ന് വ്യക്തമാണ്. നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് എസ്എഫ്‌ഐ ഉറപ്പാക്കിയെന്നും ആർഷോ അറിയിച്ചിരുന്നു.
എന്നാൽ കലിംഗ സർവകലാശാലയുടെ പേരിലുണ്ടാക്കിയ നിഖിലിന്റെ ബികോം തുല്യതാ സർട്ടിഫിക്കേറ്റും എം കോം രജിസ്‌ട്രേഷനും റദ്ദാക്കി. കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകിയ സാഹചര്യത്തിലാണ് നടപടി.
Discussion about this post