എറണാകുളം: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദ്ധത്തിന് പ്രവേശനം നേടിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ മുൻ എസ്എഫ്‌ഐ നേതാവാണ് നിഖിലിനെ സഹായിച്ചത് എന്നാണ് വിവരം. പോലീസ് കസ്റ്റഡിയിൽ എടുത്ത നിഖിലിന്റെ സുഹൃത്താണ് മുൻ എസ്എഫ്‌ഐ നേതാവിന്റെ സഹായത്തോടെയാണ് വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചിട്ടുള്ളതെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ നിഖിലിനെ സഹായിച്ച മുൻ എസ്എഫ്‌ഐ നേതാവ് വിദേശത്ത് ആണ്. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. സുഹൃത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ എസ്എഫ്‌ഐ നേതാവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.
അതേസമയം ഒളിവിൽ പോയ നിഖിലിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി തുടരുകയാണ്. ഫോൺ കേന്ദ്രീകരിച്ചുൾപ്പെടെയാണ് നിഖിലിന് വേണ്ടിയുള്ള അന്വേഷണം. അവസാനമായി തിരുവനന്തപുരത്താണ് നിഖിൽ എത്തിയിരുന്നത് എന്നാണ് വിവരം. ഇവിടെ നിന്നും ഇവിടേയ്ക്ക് ഒളിവിൽ പോയി എന്ന കാര്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കായംകുളത്തെ സിപിഎം പ്രാദേശിക നേതാവിന്റെ സഹായത്തോടെയാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നേതാവിനെ ഇന്നലെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് കേരള സർവ്വകലാശാലയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. കോളേജിന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കാട്ടിയാണ് വിശദീകരണം നൽകിയിട്ടുള്ളത്. എന്നാൽ ഇതിൽ സർവ്വകലാശാലയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും വിശദീകരണം ചോദിക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം.
Discussion about this post