ബംഗളൂരു: വൈദ്യുതി താരിഫ് വർദ്ധിപ്പിച്ച സർക്കാരിനെതിരെ കർണാടകയിൽ ശക്തമായ പ്രതിഷേധം. സർക്കാർ തീരുമാനത്തിനെതിരെ പ്രഖ്യാപിച്ച ബന്ദ് സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് ആണ് ഇന്ന് ബന്ദ് പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വേളയിൽ കുടുംബങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ ഇത് വിസ്മരിച്ച് സർക്കാർ യൂണിറ്റിന് 2.89 രൂപയാണ് നിരക്ക് വർദ്ധിപ്പിച്ചത്. ഇതേ തുടർന്ന് ബംഗളൂരുവുൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ തുകയാണ് ബില്ലായി വന്നത്. ഇതോടെയായിരുന്നു ഇതിനെതിരെ പ്രതിഷേധവുമായി കെസിസിഐ രംഗത്ത് വന്നത്.
കഴിഞ്ഞ എട്ട് ദിവസമായി ഉയർന്ന വൈദ്യുതി നിരക്ക് ജനജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാരിനെ ബോധിപ്പിക്കാൻ ശ്രമിക്കുന്നുതായി കെസിസിഐ പറഞ്ഞു. എന്നാൽ തങ്ങളുടെ വാക്കുകൾ കേൾക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ഇതേ തുടർന്ന് വ്യാഴാഴ്ച ബന്ദ് ആചരിക്കാൻ തീരുമാനിച്ചത്. ബന്ദിനോട് ജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും കെസിസിഐ വ്യക്തമാക്കി.
അതേസമയം വൈദ്യുതി വാങ്ങുന്ന നിരക്ക് വർദ്ധിച്ചതാണ് വൈദ്യുത നിരക്ക് വർദ്ധിക്കാൻ കാരണം എന്ന് കർണാടക ഇലക്ട്രിസിറ്റി റെഗിലേറ്ററി കമ്മീഷൻ (കെഇആർസി) പറയുന്നത്. നിരക്ക് വർദ്ധനയിൽ ശക്തമായ വിമർശനം ഉയർന്നതോടെ അടുത്ത മാസങ്ങളിൽ വൈദ്യുതി നിരക്കിൽ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post