കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി നീലേശ്വരം പോലീസ്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും. വിദ്യയെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് കോടതിയിലാണ് അപേക്ഷ നൽകുക.
വ്യാജ രേഖ ചമച്ച് ജോലി വാങ്ങിയ സംഭവത്തിൽ കാസർകോട് കരിന്തളം കോളേജ് നൽകിയ പരാതിയിൽ ആണ് നീലേശ്വരം പോലീസിന്റെ നീക്കം. അട്ടപ്പാടി കോളേജിൽ വിദ്യ സമർപ്പിച്ച അതേ സർട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് കരിന്തളം കോളേജിലും എസ്എഫ്‌ഐ നേതാവ് നിയമനം വാങ്ങിയത്. എന്നാൽ പരിശോധനയിൽ സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്താൻ കോളേജിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് 2022 ജൂൺ മുതൽ 2023 മാർച്ച് വരെ വിദ്യ ഈ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുകയും ചെയ്തിരുന്നു.
നിലവിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിൽ അഗളി പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. കേസിൽ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ വിദ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തത്.
Discussion about this post