പാലക്കാട്: വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്‌ഐ പ്രവർത്തക കെ വിദ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഏറെ ദിവസമായി ഒളിവിലായിരുന്ന പ്രതിയെ വടകര വല്യാപള്ളി സ്വദേശി മേപ്പയിൽ കുട്ടോത്ത് രാഘവന്റെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിൻ്റെ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ജോലി കരസ്ഥമാക്കണം എന്ന ഉദ്ദേശത്തിലാണെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്.
കേസിൽ കെ വിദ്യയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റെന്നാൾ പ്രതിയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി പരിഗണിക്കും. അതേസമയം പരസ്പര വിരുദ്ധമായ മൊഴികളാണ് വിദ്യ നൽകുന്നത്. മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായി 20 മാസം പ്രവർത്തിച്ചുവെന്ന് ബയോ ഡാറ്റയിൽ രേഖപ്പെടുത്തിയത് താൻ തന്നേയാണെന്ന് വിദ്യ സമ്മതിച്ചു. എന്നാൽ കോളേജിന്റെ പേര് മാറിപ്പോയെന്നാണ് ഇതിന് നൽകിയ വിശദീകരണം.
താൻ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണെന്നും വിദ്യ ആവർത്തിച്ചു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും വിദ്യ പോലീസിനോട് പറഞ്ഞു.
Discussion about this post