മോസ്‌കോ: റഷ്യൻ സൈനിക നേത്വത്തിനെതിരെ തിരിഞ്ഞ കൂലിപ്പട്ടാളം വാഗ്‌നർ ഗ്രൂപ്പിനെതിരെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അതിമോഹം കൊണ്ടു ചിലർ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നതെന്നും കലാപനീക്കം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പുടിൻ പറഞ്ഞു.
കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് തലവന്റേത് കുറ്റകരമായ സാഹസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ചില റഷ്യക്കാർ കുറ്റകരമായ സാഹസികത ചെയ്യുന്നതിനായി തള്ളിവിടപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നിൽനിന്ന് കുത്തുന്ന നീക്കമാണെന്നും പുടിൻ വിമർശിച്ചു. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചിരിക്കുന്നു. റഷ്യൻ സമൂഹത്തെ വിഭജിക്കുന്നവർക്ക് അനിവാര്യമായ ശിക്ഷലഭിക്കും. രാജ്യതലസ്ഥാനത്തും വിവിധ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധസേനകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുമായും പുടിൻ സ്ഥിതിഗതികൾ വിലയിരുത്തി.വാഗ്‌നർ ഗ്രൂപ്പ് റഷ്യയ്ക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. യുക്രെയ്നിൽ റഷ്യൻ സേനയ്ക്കൊപ്പം പോരാടുകയും മരിക്കുകയും ചെയ്യുന്ന വാഗ്‌നർ ഗ്രൂപ്പ് അംഗങ്ങളെ ധീരന്മാരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.മോസ്‌കോ ഉൾപ്പെടെ വിവിധ നഗരങ്ങൾ അതിശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ നീക്കങ്ങളാണു നടത്തുന്നതെന്നു മോസ്‌കോ മേയർ അറിയിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിലെ വാഗ്‌നർ ഓഫീസുകളിൽ അധികൃതർ റെയ്ഡ് നടത്തി.
ഇന്ന് രാവിലെയോടെയാണ് റഷ്യൻ സേനയുടെ നേതൃത്വം തകർക്കാൻ എന്തും ചെയ്യുമെന്ന പ്രതിജ്ഞയുമായി സായുധ സംഘടനയായ വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ഗെനി പ്രിഗോസിന്റെ ടെലഗ്രാം സന്ദേശം എത്തിയത്. തടുക്കാൻ ആരും നിൽക്കരുടെന്നും മുന്നിൽ തടസ്സമാകുന്ന എന്തിനേയും തകർത്ത് തങ്ങൾ മുന്നോട്ട് പോകുമെന്നും പ്രിഗോസിൻ പറഞ്ഞു. ശത്രുക്കൾക്കെതിരെ ഉപയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ രഹസ്യായുധം പോലെ ഉപയോഗിച്ച സൈനിക സംഘമാണ് വാഗ്‌നർ ഗ്രൂപ്പ്. ‘പുടിന്റെ ഷെഫ്’ എന്നാണ് വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗെനി പ്രിഗോസിൻ അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെ ധനികനായ പ്രിഗോസിൻ ഒരു സായുധ സംഘത്തെ ഉണ്ടാക്കിയെടുക്കുകയായിരുന്നു.
Discussion about this post