കോഴിക്കോട്: വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കാണാതായ നാല് പേരിൽ മൂന്ന് പേരെയാണ് കണ്ടെത്തിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ ശ്രമിക്കുകയായിരുന്നു ഇവർ.
നാടുവിടാൻ ശ്രമിക്കുന്നതിനിടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കുട്ടികളെ പിടികൂടിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ പോകുകയാണെന്ന് ഇവർ കോഴിക്കോട്ടുള്ള കൂട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇത് പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത്. ഏറനാട് എക്‌സ്പ്രസിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു കുട്ടികൾ. എന്നാൽ ഇതിനിടെ റെയിൽവേ പോലീസ് മൂന്ന് പേരെയും പിടികൂടുകയായിരുന്നു.
15,16 വയസ്സ് പ്രായമുള്ള കുട്ടികളാണ് ബാലമന്ദിരത്തിൽ നിന്നും കടക്കാൻ ശ്രമിച്ചത്. മൂന്ന് കുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുപി സ്വദേശിയായ കുട്ടിയെ കണ്ടെത്താനുണ്ട്. ഈ കുട്ടിയ്ക്കായി ഊർജ്ജിത തിരച്ചിൽ തുടരുകയാണ്. കണ്ടെത്തിയ മൂന്ന് കുട്ടികളെയും ഇന്ന് വൈകീട്ടോടെ കോഴിക്കോട്ട് എത്തിക്കും.
ഇന്നലെ രാത്രി എട്ടരയ്ക്ക് ശേഷമായിരുന്നു കുട്ടികളെ കാണാതെ ആയത്. ശുചിമുറിയുടെ ഗ്രിൽ തകർത്ത് കുട്ടികൾ പുറത്തുകടക്കുകയായിരുന്നു. ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ കിടക്കയിൽ തലയിണയും പുതപ്പും ഉപയോഗിച്ച് ആൾരൂപം ഉണ്ടാക്കിവച്ച ശേഷം ആയിരുന്നു പുറത്ത് കടന്നത്.
Discussion about this post