ആലപ്പുഴ: രാഷ്ട്രത്തിന് വേണ്ടി പല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന ഊർജ്ജം പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് എംഡി മധു എസ് നായർ. ആലപ്പുഴയിൽ തുണ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച വിജയഭേരി 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന് 5000 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഋഷിവര്യൻമാരുടെ നാട്ടിൽ നിന്നാണ് നമ്മൾ വരുന്നത്. അത് തിരിച്ചറിയണം. ആ തിരിച്ചറിവ് നല്ല പൗരൻമാരെ സൃഷ്ടിക്കുന്നതിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൂല്യങ്ങളാണ് ജീവിത വിജയം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയാണ് ജീവിതത്തിലെ ഏറ്റവും വലിയ കൈമുതൽ. എത്ര വലിയ വിദ്യാഭ്യാസം നേടിയാലും സത്യസന്ധത കൈവിട്ടാൽ അതുകൊണ്ട് യാതൊരുവിധ പ്രയോജനവും ഇല്ല. അതുകൊണ്ടു തന്നെ വിദ്യാഭ്യാസത്തോടൊപ്പം മൂല്യങ്ങൾ കാത്തുസൂക്ഷിക്കുവാനും കുട്ടികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര താരം ശിവദ മുഖ്യാതിഥി ആയി. രക്ഷിതാക്കളുടെ കഷ്ടപ്പാടുകളെപ്പറ്റി ബോധ്യമുള്ളവരായി കുട്ടികൾ മാറണമെന്ന് ശിവദ പറഞ്ഞു. മാതാപിതാക്കളുടെ പല സ്വപ്നങ്ങളും മാറ്റിവെച്ചാണ് അവർ കുട്ടികളുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നത്. ലോകത്ത് എവിടെ പോയാലും ഇത് മറക്കരുതെന്നും ശിവദ പറഞ്ഞു. അമ്മയുടെ പ്രതീക്ഷ, അച്ഛന്റെ സ്വപ്നം, നാടിന്റെ ഭാവി എന്നതാണ് ഒരോ കുട്ടിയിലും കാണുന്നതെന്നും ശിവദ കൂട്ടിച്ചേർത്തു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉൾപ്പെടെയുളള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ആരോഗ്യമേഖലയിലെ സ്തുത്യർഹ സേവനത്തിനുള്ള വൈദ്യ ചൂഡാമണി പുരസ്‌കാരം ആലപ്പുഴയുടെ ജനകീയ ഡോക്ടർ എന്ന് അറിയപ്പെടുന്ന ഡോ. പി. രാജീവിന് മധു.എസ്, നായരും കാർഷിക മേഖലയിലെ പ്രവർത്തനത്തിനുള്ള കർഷക ചൂഢാമണി പുരസ്‌കാരം ജീമോൻ തമ്പുരാൻ പറമ്പിലിന് നടി ശിവദയും നൽകി.
തുണ ചാരിറ്റബിൾ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് വാചസ്പതി അധ്യക്ഷത വഹിച്ചു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിനു ബോധവൽക്കരണ ക്ലാസുകൾ വഴി നേതൃത്വം നൽകിയ മനോജ് കൃഷ്ണേശ്വരി, ലോക ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിന് അർഹത നേടിയ ആദ്യ മലയാളി എ.കെ.അമൽ തുടങ്ങിയവരെയും ആദരിച്ചു. തുണ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജി. വിനോദ് കുമാർ , നഗരസഭ കൗൺസിലർ മനു ഉപേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Discussion about this post