ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് മുൻ എസ്എഫ് നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ നേടിയ സംഭവത്തിൽ വിദേശത്തുള്ള കൂട്ടുപ്രതിയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ച് പോലീസ്. കേസിലെ രണ്ടാം പ്രതിയും മാലിദ്വീപിൽ അദ്ധ്യാപകനുമായ അബിൻ രാജിനെയാണ് നാട്ടിലെത്തിക്കുന്നത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിനാണ് സർട്ടിഫിക്കേറ്റ് ചമച്ച് നൽകിയത് എന്ന് നിഖിൽ മൊഴി നൽകിയിട്ടുണ്ട്.
മുൻ എസ്എഫ്‌ഐ നേതാവായ അബിനെ നാട്ടിലെത്തിക്കാനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിഖിൽ പേര് വെളിപ്പെടുത്തിയ സാഹചര്യത്തിൽ അബിൻ ഒളിവിൽ പോകാനും സാദ്ധ്യതയുണ്ട്. അതിനാൽ അബിനായുള്ള അന്വേഷണത്തിനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. അബിൻ രാജിന്റെ ഉടമസ്ഥതയിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഓറിയോൺ എന്ന ഏജൻസി വഴിയാണ് കലിംഗ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കേറ്റ് നിഖിലിന് ലഭിച്ചത്.
വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ ഇന്നലെയാണ് കോട്ടയത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും നിഖിലിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ അബിനുമായി ബന്ധപ്പെട്ട വിവരങ്ങൾ നിഖിൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാം പ്രതിയാക്കി അബിനെതിരെ കേസ് എടുത്തത്. കേരളത്തിൽ എത്തിച്ച് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടും. അബിന്റെ സർട്ടിഫിക്കേറ്റുകളും അന്വേഷണ സംഘം പരിശോധിക്കും.
Discussion about this post