കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസുടമയെ മർദ്ദിച്ച സിപിഎം നേതാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെ.ആർ അജയ് ആണ് കസ്റ്റഡിയിലായത്. ബസുടമ രാജ്‌മോഹൻ നൽകിയ പരാതിയിലാണ് നടപടി.
രാജ്‌മോഹന്റെ ബസിന് മുൻപിലാണ് സിഐടിയു പ്രവർത്തകർ സമരം നടത്തിയിരുന്നത്. ഇതേ തുടർന്ന് ബസ് സർവ്വീസ് തടസ്സപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഇടപെട്ട കോടതി ബസ് സർവ്വീസ് പുന:രാരംഭിക്കാൻ ശനിയാഴ്ച ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്ന് ബസ് സർവ്വീസിനായി കൊണ്ടുപോകാൻ എത്തിയതായിരുന്നു രാജ്‌മോഹൻ. ഇതിനിടെയായിരുന്നു മർദ്ദനമേറ്റത്.
സമരത്തോട് അനുബന്ധിച്ച് സിഐടിയു പ്രവർത്തകർ ബസിൽ കൊടി തോരണങ്ങൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. ഇത് രാജ്‌മോഹൻ നീക്കം ചെയ്യുകയായിരുന്നു. ഇതിനിടെ എത്തിയ അജയ് രാജ്‌മോഹനെ കയ്യേറ്റം ചെയ്യുകയായിരുന്നു. വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബസ് സർവ്വീസ് നടത്താൻ രാജ്‌മോഹന് പോലീസ് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് രാജ്‌മോഹനൊപ്പം പോലീസും ബസ് എടുക്കാൻ എത്തിയിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post