തിരുവാർപ്പിൽ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചുമാറ്റുന്നതിനിടെ ബസ് ഉടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. പോലീസ് നോക്കിനിൽക്കേയാണ് ബസ് ഉടമയ്ക്ക് നേരെ അതിക്രമം നടന്നത്. ഇതിന് പിന്നാലെ കേരളത്തിലെ സാഹചര്യം വിവരിച്ചുകൊണ്ട് ജിനു തോമസ് എന്നയാൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ഉത്തർപ്രദേശും ബീഹാറും മാറിത്തുടങ്ങിയിട്ടും കേരളം മാറിയിട്ടില്ലെന്നും ഇനി 25 വർഷത്തേക്ക് മാറില്ലെന്നുമാണ് പോസ്റ്റിൽ വിവരിക്കുന്നത്. കാരണം കേരള സമൂഹത്തിന് എന്നേ മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞതാണ്.
ജീവിതത്തിൽ നടക്കാതെ പോയ സ്വന്തം സംരംഭമെന്ന ആ പഴയ സ്വപ്നം പൂവണിഞ്ഞു കാണണം എന്ന അടക്കാനാവാത്ത ആഗ്രഹം കൊണ്ട് എടുത്തു ചാടി ഒന്നും ചെയ്യരുതെന്ന് പോസ്റ്റിൽ പറയുന്നു. നല്ല പ്രായത്തിൽ ഉണ്ണാതെയും ഉടുക്കാതെയും ഭാര്യയുടെയും മക്കളുടെ കൂടെയും ജീവിക്കാതെയും ഇരുമ്പു ബെർത്തിൽ രാത്രികൾ തള്ളിനീക്കി സ്വയം എരിഞ്ഞു തീർന്നുണ്ടാക്കിയ ആ പൈസ കൊണ്ടു വന്ന് ഒരു പരിപാടിയും ദൈവത്തെ ഓർത്തു നാട്ടിൽ നടത്തരുതെന്നും ഉപദേശിക്കുന്നുണ്ട്. ഈ പ്രായത്തിൽ ഇനി ഈ ഗുണ്ടകളോട് തർക്കിക്കാനും തല്ലു പിടിക്കാനും കോടതി കയറാനും മൊണ്ണ പോലീസുകാരുടെ മുമ്പിൽ കൂഞ്ഞി നിൽക്കാനും മാത്രം എന്തിന്റെ കേടാണ് നിങ്ങൾക്കെന്നും ചോദിക്കുന്നു.
ജീവിക്കാൻ ആയിട്ട് ഒരു തൊഴിൽ അത്യാവശ്യമാണെങ്കിൽ പഴയ ജോലി സ്ഥലത്തേക്ക് തന്നെ തിരിച്ചു പോവുക. ഇവിടെ നിൽക്കരുത്. മക്കളോടും ഇവിടം വിട്ടു പൊക്കോളാൻ പറയുക. വിശ്രമ ജീവിതത്തിനായി മാത്രം നാട്ടിൽ വരിക ഇവിടെ രക്ഷയില്ല. കയ്യിലിരിക്കുന്ന കാശ് കൊടുത്തിട്ട് കടിക്കുന്ന പട്ടിയെ മേടിക്കുമ്പോൾ അതിൻറെ കൂട്ടത്തിൽ കുത്തുന്ന ഒരു മൂരി കൂടി വരുന്നുണ്ട് എന്നുള്ള കാര്യം മറക്കരുതെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
ഉപദേശിക്കാൻ ഒന്നും നമ്മൾ ആളല്ല. എന്നാലും ഒരു പത്തു നാൽപതു വയസ്സ് കഴിഞ്ഞ , നല്ല പ്രായത്തിൽ നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ കേരളത്തിന് വെളിയിൽ പോയി 24 മണിക്കൂറും 365 ദിവസവും വച്ച് പത്തിരുപത് വർഷങ്ങൾ കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ മിച്ചം പിടിച്ച് നാട്ടിലേക്ക് തിരിച്ചു വരുന്നവരോട് ഒരു ചെറിയ അഭിപ്രായം പറയാം.
നിങ്ങള് കേരളത്തിൽ നിന്ന് നാടുവിടാൻ ഉണ്ടായ സാഹചര്യം എന്താണോ അതേ സാഹചര്യം അതേപോലെതന്നെ യാതൊരു മാറ്റവും ഇല്ലാതെ ഇന്നും നിലനിൽക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഉത്തർപ്രദേശും ബീഹാറും ഒറീസയും പോലും മാറി തുടങ്ങിയിട്ടുണ്ട്. എന്നാൽ സന്ദേശത്തിനും വരവേൽപിനുമപ്പുറത്തേക്ക് കേരളം മാറിയിട്ടില്ല എന്ന് മാത്രമല്ല അടുത്ത 25 വർഷത്തേക്ക് മാറാനേ പോകുന്നുമില്ല. കാരണം കേരള സമൂഹത്തിന് എന്നേ മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞിരിക്കുന്നതാണ്.
ഇൻഫ്ലേഷൻ അഥവാ പണപ്പെരുപ്പം ഉള്ള രാജ്യമാണ് എങ്കിലും കടം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ നെഗറ്റീവ് ഇൻഫ്‌ലേഷൻ ഉള്ള ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയിൽ നിലവിലുള്ളത്. അതായത് നിങ്ങൾക്ക് മിച്ചമുള്ള പണം ബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടാൽ ഇൻഫ്‌ലേഷനേക്കാളും അധികം നിരക്കിൽ പലിശ ലഭിക്കും. അതുകൊണ്ട് നിങ്ങൾക്ക് നഷ്ടം വരാനുള്ള സാധ്യത ഇന്ത്യയിൽ വളരെ കുറവാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതാണ്ട് 6% നും 8% ഇടയിൽ നിക്ഷേപങ്ങൾക്ക് (സഹകരണ ബാങ്കുകളിൽ അരുത്) പലിശ നൽകുന്നുണ്ട്. അതൊരു നല്ല പലിശയാണ്. നിങ്ങളിൽ ഭൂരിഭാഗം പേരും ഒരായുസ്സിന്റെ അധ്വാനം കൊണ്ട് ആകെ മിച്ചം പിടിക്കുന്നത് ഒരു വീടും ഏതാണ്ട് 30 – 50 ലക്ഷം രൂപയോ അങ്ങേയറ്റം ഒന്നോ രണ്ടോ കോടി ഒക്കെ ആയിരിക്കും. അമേരിക്കയിലെയും യൂറോപ്പിലെയും ക്യാപിറ്റലിസ്റ്റ് കമ്പനികളിൽ ജോലി ചെയ്തു ഓഹരി വിപണികളിലൂടെയും എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻസിലൂടെയും കോടിക്കണക്കിന് രൂപ സ്വന്തം പേരിൽ സമ്പാദിച്ച് ആർഭാട പൂർവ്വമായ ജീവിതം നയിക്കുന്നവരുടെയും, കേരളത്തിലെ ഏറ്റവും വലിയ സംവരണ വിഭാഗമായ പാർട്ടി അടിമകൾ സ്വന്തം ജീവിതം തൊഴിലെടുക്കാതെ ജീവിക്കാനായി സുരക്ഷിതമാക്കി വെച്ചിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം പറയുന്ന നിക്ഷേപ സൗഹൃ ഗീർവാണം കേട്ടും, ജീവിതത്തിൽ നടക്കാതെ പോയ സ്വന്തം സംരംഭമെന്ന ആ പഴയ സ്വപ്നം പൂവണിഞ്ഞു കാണണം എന്ന അടക്കാനാവാത്ത ആഗ്രഹം കൊണ്ടും എടുത്തു ചാടി ഒന്നും ചെയ്യരുത്. നല്ല പ്രായത്തിൽ ഉണ്ണാതെയും ഉടുക്കാതെയും ഭാര്യയുടെയും മക്കളുടെ കൂടെയും ജീവിക്കാതെയും ഇരുമ്പു ബെർത്തിൽ രാത്രികൾ തള്ളിനീക്കി സ്വയം എരിഞ്ഞു തീർന്നുണ്ടാക്കിയ ആ പൈസ കൊണ്ടു വന്ന് ഒരു പരിപാടിയും ദൈവത്തെ ഓർത്തു നാട്ടിൽ നടത്തരുത്.
നമ്മുടെയൊക്കെ ജീവിതത്തിൽ ആരോഗ്യമുള്ള ഏതാണ്ട് പത്തറുപത് വയസ്സ് ഒക്കെയേ ഉള്ളൂ. അതിൻറെ ഏതാണ്ട് ഭൂരിഭാഗവും തീരാറായില്ലേ. ഇനി ബാക്കിയുള്ള കാലമെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കണ്ടേ! ഈ പ്രായത്തിൽ ഇനി ഈ ഗുണ്ടകളോട് തർക്കിക്കാനും തല്ലു പിടിക്കാനും കോടതി കയറാനും മൊണ്ണ പോലീസുകാരുടെ മുമ്പിൽ കൂഞ്ഞി നിൽക്കാനും മാത്രം എന്തിന്റെ കേടാണ് നിങ്ങൾക്ക് ? അനുഭവിച്ചത് ഒക്കെ പോരെ ?
ഒത്തിരി കഷ്ടപ്പെട്ടതല്ലേ . ഇനിയുള്ള കാലം വല്ല യാത്രകൾ ചെയ്തും സ്വന്തക്കാരുടെ വീട്ടിൽ പോയും , തീർഥാടനം നടത്തിയും , നല്ല ഭക്ഷണം കഴിച്ചും നല്ല വസ്ത്രങ്ങൾ ധരിച്ചും ഒക്കെ സുഖമായിട്ട് ജീവിക്കാൻ മാത്രം ശ്രദ്ധിക്കുക. നമ്മുടെ ജീവിതത്തിൽ സന്തോഷിക്കാൻ ഒക്കെയുള്ള സാഹചര്യങ്ങൾ ഉണ്ടെന്നേ, നമ്മളായിട്ട് വയ്യാവേലി വലിച്ചു കൊണ്ട് വെക്കാതിരുന്നാൽ മതി.
ഈ നാട് നന്നാക്കേണ്ട, ഇവിടെ തൊഴിൽ ഉണ്ടാക്കേണ്ട യാതൊരുവിധ ധാർമിക ഉത്തരവാദിത്വവും നിങ്ങൾക്കില്ല എന്ന സത്യം മനസിലാക്കുക. അതിന് ഉത്തരവാദിത്തപ്പെട്ട , അതിനായി ശമ്പളവും ആനുകൂല്യങ്ങളും ജീവിത സൗകര്യങ്ങളും പോലീസ് പ്രൊട്ടക്ഷനും ഒക്കെ അടക്കം പൗരനെ കുത്തിപ്പിടിഞ്ഞ് കോടിക്കണക്കിന് രൂപ യാതൊരു ഉളുപ്പുമില്ലാതെ പറ്റുന്ന ഒരു നാണംകെട്ട വർഗ്ഗം ഇവിടെ ഉണ്ട് . അവർക്കില്ലാത്ത യാതൊരു ഉത്തരവാദിത്വവും നിങ്ങൾ ഒരു കാരണവശാലും ഏറ്റെടുക്കരുത്. എന്തെന്നാൽ അവരും അവരുടെ ഗുണ്ടകളും ഇവിടെ ഉള്ളടത്തോളം കാലം നിങ്ങൾ ആഗ്രഹിക്കുന്നത് ഒന്നും ഇവിടെ നടക്കാനേ പോകുന്നില്ല. അടുത്ത ഒരു 25 വർഷത്തേക്ക് അവർ ഇവിടെ തന്നെ കൂടുതൽ ശക്തിയോടെ ഉണ്ടായിരിക്കുകയും ചെയ്യും.
ജീവിക്കാൻ ആയിട്ട് ഒരു തൊഴിൽ അത്യാവശ്യമാണെങ്കിൽ പഴയ ജോലി സ്ഥലത്തേക്ക് തന്നെ തിരിച്ചു പോവുക. ഇവിടെ നിൽക്കരുത്. മക്കളോടും ഇവിടം വിട്ടു പൊക്കോളാൻ പറയുക. ഇവിടെ രക്ഷയില്ല.വിശ്രമ ജീവിതത്തിനായി മാത്രം നാട്ടിൽ വരിക.
പാർട്ടിക്കാരു മാത്രം ഒന്നുമല്ല തൊഴിലിനായി കൂടെ കൂടുന്ന മലയാളികളിലും പാതിയും ഉടായിപ്പുകളാണ്. ഒരാഴ്ച പണിക്ക് വന്നാൽ ഉടനെ തന്നെ രണ്ടുമാസത്തെ ശമ്പളം എന്തെങ്കിലും കാരണം പറഞ്ഞ് കടം മേടിക്കും. പിന്നീട് രണ്ടു ദിവസം കൂടെ വരും അതിനു ശേഷം അവരെ കാണാനും കൂടി കിട്ടില്ല. തുടങ്ങിപ്പോയ സ്ഥാപനം ഒരു രീതിയിലും നമുക്ക് സമാധാനം തരില്ല. എങ്ങനെയെങ്കിലും ഇതിൽ നിന്നും ഒന്നു തടിയൂരിയാൽ മതി എന്നുള്ള ഒരു ചിന്ത മാത്രമായിരിക്കും പിന്നീട് നമ്മുടെ മനസ്സിൽ ഉള്ളത്.
അതുകൊണ്ട് എൻറെ പൊന്നു ചേട്ടന്മാരെ നിങ്ങൾക്ക് ഈ അബദ്ധം പറ്റരുത്. കയ്യിലിരിക്കുന്ന കാശ് കൊടുത്തിട്ട് കടിക്കുന്ന പട്ടിയെ മേടിക്കുമ്പോൾ അതിൻറെ കൂട്ടത്തിൽ കുത്തുന്ന ഒരു മൂരി കൂടി വരുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്. രണ്ടാമത് ഒന്നു കൂടി തിരിച്ചു പോയി നഷ്ടപ്പെട്ടതൊക്കെ തിരിച്ചു ഉണ്ടാക്കാൻ പറ്റിയ ഒരു പ്രായമല്ല ഇപ്പൊ നിങ്ങളുടേത്.
Discussion about this post