കായംകുളം : വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് കേസിൽ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ, കലിംഗ സർവ്വകലാശാലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കലിംഗ സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തവരുടെ വിവരങ്ങളാണ് എതിർചേരിയിലുള്ളവർ പുറത്തുവിടുന്നത്. സിപിഎം സൈബർ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ബിരുദ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
നിഖിൽ വ്യാജ സർട്ടിഫിക്കേറ്റ് നേടിയ അതേ സമയത്താണ് പലരും കലിംഗയിൽ നിന്ന് ബിരുദ സർട്ടിഫിക്കേറ്റ് സ്വീകരിച്ചത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എൽഎൽബിയും ഡിഗ്രിയുമാണ് കൂടുതൽ പേരും നേടിയിരിക്കുന്നത്. ഇതോടെ പല ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളും പ്രൊഫൈൽ എഡിറ്റ് ചെയ്തുകഴിഞ്ഞു. ഇതിൽ പലർക്കും പാർട്ടി നിയന്ത്രണത്തിലുള്ള സഹകര ബാങ്കുകളിലാണ് ജോലി.
വിദേശത്ത് ജോലിക്ക് പോയ ചിലർ കലിംഗയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയവരാണ്. കായംകുളത്തും പരിസരത്തുമുള്ള നിരവധിപേർ വ്യാജ ബിരുദസർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിപിഎമ്മിൻറെ പ്രാദേശിക സൈബർ ഗ്രൂപ്പുകളിൽ ചർച്ച നടക്കുന്നുണ്ട്. നിഖിലിന് വ്യാജ സർട്ടിഫിക്കേറ്റ് നൽകിയ അബിൻ സി രാജ് മുഖേനെയാണ് പലർക്കും സർട്ടിഫിക്കേറ്റ് ലഭിച്ചത് എന്ന സൂചനകളാണ് ലഭിക്കുന്നത്. പരാതി ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണത്തിനൊരുങ്ങിയിട്ടില്ല. അബിനെ ചോദ്യം ചെയ്യുമ്പോൾ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് നിഗമനം.
Discussion about this post