കോട്ടയം: ബിജെപിക്കാരനാണെന്ന കാരണം പറഞ്ഞ് സുരേഷ്‌ഗോപിയെ മന്നം സമാധിയിൽ കയറ്റാതിരുന്ന സുകുമാരൻ നായർ, പിണറായി വിജയനെ കാത്ത് ഒരു മണിക്കൂർ കോട്ടയം ഗസ്റ്റ് ഹൗസിൽ നിന്നത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്ന് നടനും സംവിധായകനുമായ മേജർ രവി.നട്ടെല്ല് നിവർത്തി വിവേകത്തോടെ സംസാരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി തയ്യാറാകണം. ഇല്ലെങ്കിൽ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യും. തെറ്റുകളെ നട്ടെല്ലുള്ളവർ ചോദ്യം ചെയ്യുമെന്നും മന്നം പറഞ്ഞ വാക്കുകൾ എൻഎസ്എസ് നേതൃത്വം തമസ്‌കരിക്കുന്നെന്നും മേജർ രവി പറഞ്ഞു.
എൻഎസ്എസിലെ വിമതരുടെ കൂട്ടായ്മയായ വിദ്യാധിരാജ വിചാരവേദി വൈക്കത്ത് സംഘടിപ്പിച്ച മന്നം അനുസ്മരണ സമ്മേളനത്തിൽ വച്ചായിരുന്നു മേജർ രവിയുടെ വിമർശനം. കഴിഞ്ഞ ദിവസം എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ പുറത്താക്കിയിരുന്നു. സുകുമാരൻ നായരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് കലഞ്ഞൂർ മധുവിന് സ്ഥാനം നഷ്ടമായത്.
മന്ത്രി കെ എൻ ബാലഗോപാലിന്റെ മൂത്ത സഹോദരനായ മധു 26 വർഷമായി ഡയറക്ടർ ബോർഡ് അംഗമാണ്. മന്നം വിഭാവനം ചെയ്ത നിലപാടുകളിൽ നിന്ന് നിലവിലെ നേതൃത്വം വ്യതിചലിച്ചെന്നും എൻഎസ്എസിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലയില്ലെന്നും കലഞ്ഞൂർ മധു പറഞ്ഞു. കുറച്ചു നാൾ മുമ്പ് എൻഎസ്എസ് രജിസ്ട്രാർ ആയിരുന്ന ടി എൻ സുരേഷിനോടും രാജി ചോദിച്ചു വാങ്ങിയിരുന്നു.
Discussion about this post