കോട്ടയം : തിരുവാർപ്പിൽ സിഐടിയു ബസിന് മുന്നിൽ കൊടിനാട്ടിക്കൊണ്ട് സർവ്വീസ് മുടിക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ബസ് ഉടമയായ രാജ്‌മോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെ പോലീസ് സംരക്ഷണത്തിൽ ബസ് ഓടിക്കാൻ കോടതി അനുമതി നൽകി. എന്നാൽ ബസിന് മുന്നിൽ നിന്ന് കൊടി അഴിച്ചുമാറ്റാനെത്തിയ ഉടമ സിപിഎം നേതാവിന്റെ മർദ്ദനത്തിന് ഇരയാവുകയായിരുന്നു. ഈ ബസ് ഉടമ നാടിന് വേണ്ടി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്കാണ് പൊതുപ്രവർത്തകൻ കൂടിയായ രാജ് മോഹൻ കൈത്താങ്ങായത്. തന്റെ 40 സെന്റ് സ്ഥലം ഇയാൾ വീടില്ലാത്തവർക്ക് സൗജന്യമായി നൽകിയിരുന്നു. തിരുവാർപ്പ് പഞ്ചായത്തിലെ 12 ാം വാർഡിൽ കിളിരൂർ കുന്നുംപുറം പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ വീട് നിർമ്മിക്കാനാണ് സ്ഥലം നൽകിയത്. 2021 ഫെബ്രുവരിയിലായിരുന്നു സംഭവം.
ഒന്നരയേക്കർ സ്ഥലമാണ് രാജ്‌മോഹന് ഇവിടെ ഉണ്ടായിരുന്നത്. അതിൽ 40 സെന്റ് വീട് നിർമ്മിക്കാൻ നൽകി. ബാക്കി സ്ഥലം അങ്കണവാടി, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്‌കൂൾ, കായിക പരിശീലനത്തിനുള്ള മൈതാനം തുടങ്ങിയ പദ്ധതികൾക്ക് വിട്ടുനൽകുകയും ചെയ്തു.
പഞ്ചായത്തിൽ വീടില്ലാത്തവരുടെ പട്ടിക തയാറാക്കിയതാണ് രാജ്‌മോഹന് സ്ഥലം നൽകാൻ പ്രചോദനമായത്. വീട് നിർമ്മിക്കാൻ ലൈഫ് മിഷൻ പദ്ധതിയുണ്ടെങ്കിലും സ്ഥലം വാങ്ങാൻ ആരുടെയും കൈയ്യിൽ പണമില്ലായിരുന്നു. ഇത് മൂലം വർഷങ്ങളായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതോടെയാണ് തന്റെ സ്ഥലം വിട്ടുനൽകാൻ ഇയാൾ തീരുമാനിച്ചത്. ഈ സ്ഥലത്തേക്ക് പോകാനുള്ള റോഡിന് ആവശ്യമായ സ്ഥലവും രാജ്‌മോഹൻ തന്നെയാണ് വാങ്ങി നൽകിയത്.
നേരത്തേ ഒരു കുടുംബത്തിനു വീട് നിർമ്മിച്ചു നൽകുകയും ഒരു കുടുംബത്തിന് വീടും സ്ഥലവും നൽകുകയും ചെയ്തിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിലും രാജ്‌മോഹൻ ഒട്ടേറെ പേർക്ക് സഹായം എത്തിച്ചിരുന്നു.
നേരത്തെ ആർമി ഇന്റലിജൻസിൽ ഉദ്യോഗസ്ഥനായിരുന്നു രാജ്‌മോഹൻ. തുടർന്ന് വിദേശത്ത് പോയി വിവിധ കമ്പനികളിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. മുംബൈയിൽ എത്തി സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടിൽ എത്തി പൊതുപ്രവർത്തനങ്ങൾ നടത്തിയത്. ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും കിളിരൂർ 750-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. നാട്ടിൽ ബസ് സർവീസ് കൂടാതെ ഫാമും നടത്തി.
Discussion about this post