പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. അട്ടിമറി ശ്രമമാണോ നടന്നിരിക്കുന്നത് എന്ന് സംശയിക്കുന്നതായി നഗരസഭ വ്യക്തമാക്കി.
നഗരസഭയുടെ കൂട്ടുപാതയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റിലാണ് തീപിടിത്തം ഉണ്ടായത്. പ്ലാന്റിൽ ഗോഡൗണിന് സമീപം സംസ്‌കരിക്കാനായി മാലിന്യങ്ങൾ തരംതിരിച്ച് മാറ്റിവച്ചിരുന്നു. ഇതിലായിരുന്നു തീപിടിത്തം ഉണ്ടായത്. പ്ലാന്റിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. അധികൃതർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനാ സംഘമാണ് എത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലക്കാട് നഗരത്തിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീപിടിത്തം അട്ടിമറിയാണെന്ന സംശയം ഉയരുന്നത്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post