ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിക്കായി ഇടനിലക്കാരൻ അബിൻ ആദ്യം സമീപിച്ചത് ഓറിയോണിന്റെ തിരുവനന്തപുരത്തെ ശാഖയിലാണ്. എന്നാൽ കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയോടെയാണ് കൊച്ചിയിലെ കേന്ദ്രത്തിലെത്തിയത്. ബികോം തോറ്റ നിഖിലിന്റെ എംകോം പ്രവേശനം മാത്രമായിരുന്നില്ല, വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് പിന്നിൽ. വിദ്യാർത്ഥി അല്ലാതായാൽ എസ്എഫ്‌ഐയിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത്.രണ്ട് ലക്ഷം രൂപ കൈപ്പറ്റി നിഖിലിന് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂവെന്ന അബിൻ രാജിന്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അബിൻ രാജ് വഴി കൂടുതൽ പേർ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്
ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പിൽ അറസ്റ്റിലായതോടെ ഉടമ സജു ശശിധരൻ സ്ഥാപനം 2022 ൽ പൂട്ടി. ഓറിയോൺ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ വെച്ചാണെന്ന് കണ്ടെത്താനാണ് ശ്രമം.
അതേസമയം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ അബിൻ സി രാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അബിൻ സി രാജിനെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷയും പോലീസ് നൽകും. വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തെപ്പറ്റിയുള്ള വിവരങ്ങൾ അറിയുന്നതിന് ഇയാളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിൽ നിഖിലിനെയും അബിൻ രാജിനെയുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി
Discussion about this post