എറണാകുളം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ അനക്കം. ഇന്ന് സ്വർണവില താഴ്ന്നു. പവന് 240 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ സ്വർണം പവന് 43,240 രൂപയാണ് വില.
ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 5,405 രൂപയായി. തിങ്കളാഴ്ച സ്വർണ വില വർദ്ധിച്ചിരുന്നു. ഇതിന് ശേഷം ഇന്നലെ അതേ നിലയിൽ തന്നെ വില തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിലയിൽ ഇന്ന് കുറവ് വന്നിട്ടുള്ളത്. വരും ദിവസങ്ങളിലും സ്വർണ വിലയിൽ കാര്യമായ കുറവ് വരുമെന്നാണ് വിലയിരുത്തൽ.
മെയ് മാസത്തിൽ വലിയ കുതിപ്പായിരുന്നു സ്വർണ വിലയിൽ ഉണ്ടായിരുന്നത്. 45,000 പിന്നിട്ട് സർവ്വകാല റെക്കോർഡിൽവരെ സ്വർണ വില എത്തിയിരുന്നു. വീണ്ടും വില വർദ്ധിച്ച് പവന് 50,000 രൂപ എന്ന നിരക്കിൽ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഈ മാസത്തിൽ വില തുടർച്ചയായി താഴുകയായിരുന്നു. ഈ മാസം വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയത്.
അതേസമയം തുടർച്ചയായി വില കുറയുന്ന ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഉപഭോക്താക്കൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണ കടകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എന്നാൽ തുടർച്ചയായുള്ള വില കുറവ് വ്യാപാരികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
Discussion about this post