തിരുവനന്തപുരം : തലസ്ഥാനത്ത് 15 പേരെ തെരുവ് നായ കടിച്ചു. മണപ്പുറം നാഗമണ്ഡലം ഭാഗത്താണ് സംഭവം. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് നായ ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. നാഗമണ്ഡലം സ്വദേശികളായ മണി(60), ഷിബു(30), വിക്രമൻനായർ(56) അഭിരാം(15) എന്നിവർക്കും മണപ്പുറം പാലത്തിന് സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിര അമ്മ (79) എന്നിവക്കും കടിയേറ്റു.
ഇവരെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ചിലരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ(56) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
പ്രദേശത്ത് 25 ലേറെ തെരുവ്‌നായ്ക്കൾ ഉണ്ട്. ഇവയ്‌ക്കെല്ലാം പേവിഷബാധ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. തെരുവ് നായ്ക്കൾ വളർത്തുമൃഗങ്ങളേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്.
Discussion about this post