മുംബൈ: ബോളിവുഡിൽ 90 കളിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടൻ ഗോവിന്ദ. രസകരമായ നൃത്തച്ചുവടുകളും കോമഡിയുമായി ബോളിവുഡിൽ ഗോവിന്ദനടനം നിറഞ്ഞുനിന്ന കാലം. കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിമുഖത്തിലെ ഗോവിന്ദയുടെ തുറന്നുപറച്ചിൽ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഭാര്യ സുനിത ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ താൻ മാധുരി ദീക്ഷിതിനെ ട്രൈ ചെയ്‌തേനെയെന്ന് ആയിരുന്നു ഗോവിന്ദയുടെ വാക്കുകൾ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലായിരുന്നു മാധുരിയോടുളള ക്രഷ് ഗോവിന്ദ തുറന്നുപറഞ്ഞത്. ഭാര്യ സുനിതയും ഗോവിന്ദയ്ക്ക് ഒപ്പുണ്ടായിരുന്നു.
90 കളിലും 2000 ത്തിലും ഏത് നടിയായിരുന്നു ഗോവിന്ദയ്ക്ക് ഏറ്റവും അനുയോജ്യമെന്ന് ആയിരുന്നു ചോദ്യം. മാധുരി ദീക്ഷിത് എന്നായിരുന്നു സുനിതയുടെ മറുപടി. മാധുരിയും രേഖയും തന്റെ ഇഷ്ടനടിമാരാണെന്ന് ഗോവിന്ദയും കൂട്ടിച്ചേർത്തു. ദീർഘകാലം അഭിനയ കരിയറിൽ നിറഞ്ഞുനിന്നിട്ടും വിവാദങ്ങളിൽ പെടാത്തവരാണ് ഇവർ. അത്രയ്ക്ക് മനോഹരമാണ് അവർ. സ്ത്രീയുടെ ഉളളിൽ സൗന്ദര്യമുണ്ടെങ്കിൽ അത് ഒരിക്കലും നഷ്ടമാകില്ലെന്നും ഗോവിന്ദ കൂട്ടിച്ചേർത്തു.
ഇതിന് ശേഷമായിരുന്നു മാധുരിയോടുളള ഇഷ്ടം നടൻ തുറന്നുപറഞ്ഞത്. സുനിത എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ മറ്റാരുമല്ല മാധുരിക്കായിരിക്കും സാദ്ധ്യതയെന്ന് ആയിരുന്നു ഗോവിന്ദയുടെ വാക്കുകൾ.
ഒപ്പം അഭിനയിക്കുന്ന നടിമാരുമൊത്തുളള കെമിസ്ട്രിയിൽ ഉൾപ്പെടെ ബോളിവുഡിലെ ചലച്ചിത്ര പ്രേമികൾക്ക് അത്ഭുതമായിരുന്നു ഗോവിന്ദ. കരിഷ്മ കപൂർ, രവീണ ഠണ്ഡൻ തുടങ്ങിയവർ ഗോവിന്ദയുടെ ഇഷ്ടജോഡികളായിരുന്നു.
Discussion about this post