തിരുവനന്തപുരം : കൈതോലപായയ്ക്ക് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ കൊല്ലാൻ വാടക കൊലയാളികളെ വിട്ടിരുന്നുവെന്നാണ് ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചത്. വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു താനെന്നും അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതായിരുന്നുവെന്നും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ പറഞ്ഞു.
കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട്. കൊല്ലപ്പെടേണ്ടവൻ തന്നെയാണ് അയാൾ എന്ന ചിന്ത കമ്മ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയം. ജയിലിൽ കിടക്കുന്ന സുധാകരൻ ആയിരിക്കും പുറത്തു നിൽക്കുന്ന സുധാകരനേക്കാൾ അപകടകാരി എന്ന സത്യം ഈ അൽപ്പബുദ്ധികൾക്കു മനസിലാകുന്നില്ലേ എന്നും ശക്തിധരൻ ചോദിക്കുന്നു. കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നുവെന്നും അത് പോയെന്നും ശക്തിധരൻ കൂട്ടിച്ചേർത്തു.
തൊഴിലാളി വർഗം ഒപ്പം സഞ്ചരിക്കുന്നതിന് പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ മാറി. അതാണ് റഷ്യയിൽ വാഗ്‌നർ സംഘത്തിലേക്ക് എത്തിനിൽക്കുന്നത്. നമ്മുടെ ഒരു നേതാവ് കുടുംബസമേതം നെതർലൻഡ്‌സ് സന്ദർശിച്ചപ്പോൾ സമാനമായ സ്വകാര്യ പടയാളിസംഘത്തെ വാടകക്ക് എടുത്തിരുന്നു. കേന്ദ്ര മന്ത്രിസഭയിലുള്ള സ്വാധീനം കാരണം, പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദശലക്ഷക്കണക്കിന് ഇന്ത്യൻ കറൻസിയാണ് അന്ന് ഒഴുക്കിയത്. എന്തായിരുന്നു ഇത്തരത്തിൽ കൂലിപ്പടയെ വിദേശത്തു വിളിച്ചുവരുത്താൻ കാരണം? ഏതെങ്കിലും കാലത്തു കേരളത്തിൽ നിന്ന് പോയ ഭരണകർത്താവ് ഇങ്ങിനെ കൂലിപ്പട്ടാളത്തെ ഉപയോഗിച്ചിട്ടുണ്ടോ? അവിടെവരെയെത്തി ഇന്ത്യയിലെ കമ്മ്യുണിസം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post