കൊച്ചി : എംവി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മാദ്ധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി മുൻ പ്രോഗ്രാം വിഭാഗം ഹെഡുമായ എംഎസ് ബനേഷ് രംഗത്ത്. താനടക്കമുള്ള നൂറുകണക്കിന് ജീവനക്കാരുടെ വർഷങ്ങൾ നീണ്ട അധ്വാനത്തിന് ശമ്പളം തരാതെ, രാവും പകലും പണിയെടുപ്പിച്ച്, പറ്റിച്ച്, വിശ്വാസവഞ്ചന നടത്തിക്കൊണ്ട്, ആ ജീവനക്കാരുടെ ബലിച്ചോരയിൽ ചവിട്ടിനിന്നുകൊണ്ടാണ് നികേഷ് കുമാറും മുട്ടിൽ മരംമുറി കേസിലെ പ്രതികളും ചേർന്ന് റിപ്പോർട്ടർ ടിവി പുതിയ രീതിയിൽ അവതരിപ്പിക്കുന്നത് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
”വീണ്ടുമിതാ വിശുദ്ധൻറെ വെള്ളവേഷമിട്ട് ‘നികേഷും പീഠവും’… വീണ്ടും നിങ്ങൾ പാപികൾക്ക് മാപ്പു നൽകുമോ” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. ”എംവിആറിൻറെ മകനേ, നിങ്ങൾ ചവിട്ടിനിൽക്കുന്ന ‘റിപ്പോർട്ടറി’ൻറെ ചുവപ്പ് ഞങ്ങൾ തൊഴിലാളികളുടെ രക്തമാണ്” എന്ന് ബനേഷ് പറയുന്നു.
കണ്ണൂരിൽ നിന്നടക്കം ട്രെയിനി ജേണലിസ്റ്റുകളായി വന്ന് മാസങ്ങളോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതെ പറ്റിക്കപ്പെട്ട പെൺകുട്ടികൾ, മൂന്നുനേരം ഭക്ഷണം കഴിക്കാൻ പൈസയില്ലാതെ ഒരുനേരം മാത്രം ഭക്ഷണമാക്കി ചുരുക്കിയവർ, പാഡ് മാറ്റാൻ പോലും പൈസയില്ല നികേഷ് സാറേ, ശമ്പളം താ എന്ന് റിപ്പോർട്ടർ ടിവിയുടെ വാട്‌സാപ് ഗ്രൂപ്പിൽ പോസ്റ്റിട്ട വനിതകൾ.. അവരുടെയൊക്കെ ചോരയിൽ ചവിട്ടി നിന്നുകൊണ്ടാണ് ഇടതുപക്ഷത്തിൻറെ ആദർശമുഖം വീണ്ടുമണിഞ്ഞ് നികേഷ് മുട്ടിൽ മരംമുറി കേസിലെ പ്രതികൾ കോടികൾ വാരിയെറിഞ്ഞ പുതിയ റിപ്പോർട്ടറിലിരുന്ന് പതിവുപോലെ വാർത്താവിചാരണയും ധാർമ്മികപ്രഭാഷണവും നടത്താൻ പോകുന്നത്.
നികേഷ് കുമാറിനെക്കുറിച്ച് എഴുത്തുകാരി ശ്രീ. എസ്. ശാരദക്കുട്ടി ടീച്ചർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തൻറെ ജീവിത്തിലെ ഏറ്റവും വേദനാനിർഭരവും ധാർമികരോഷം നിറഞ്ഞതുമായ ദിനമായിരുന്നു അത്. കൂട്ടക്കുരുതികളുടെ അഡോൾഫ് ഹിറ്റ്‌ലർ വെജിറ്റേറിയനായിരുന്നുവെന്നും മ്യൂസിക്കൽ കൺസർട്ടുകൾ കണ്ട് കരയാറുണ്ടായിരുന്നു എന്നും നിഷ്‌കളങ്കമായി പറയുന്നതുപോലെയായിരുന്നു ആ കുറിപ്പ് എന്ന് ബനേഷ് പറഞ്ഞു.
റിപ്പോർട്ടർ ടിവിയിൽ 2016 ഏപ്രിൽ 15 മുതൽ 2018 ഓഗസ്റ്റ് 20 വരെയാണ് താൻ ജോലി ചെയ്തത്. ചാനലിൻറെ പ്രോഗ്രാം ചീഫ് എന്ന നിലയിൽ ആത്മാർത്ഥമായി ജോലി ചെയ്‌തെങ്കിലും ആദ്യത്തെ ചില മാസങ്ങൾക്ക് ശേഷം ശമ്പളം തരാതായി. ചോദിക്കുമ്പോൾ അടുത്തമാസം ലഭിക്കും, വിട്ടുപോകരുത്, പുതിയ ടീം ഏറ്റെടുക്കാൻ പോകുന്നു, എന്നിങ്ങനെയായിരുന്നു മറുപടി. നികേഷിനും അഭിലാഷ് മോഹനനുമൊപ്പം ആഴ്ച തോറും ഒരുമിച്ചിരുന്ന് അവതരിപ്പിച്ചിരുന്ന ‘മീറ്റ് ദി എഡിറ്റേഴ്‌സ്’, പൊളിറ്റിക്കൽ സറ്റയർ പ്രോഗ്രാമായ ‘ഡെമോക്രേസി’, മോണിംഗ് റിപ്പോർട്ടർ വാർത്താ അവതരണം, എന്നിവയെല്ലാം അക്കാലമത്രയും ചെയ്തു.
ശമ്പളകുടിശ്ശിക 3,89,197. 00 (മൂന്നു ലക്ഷത്തി എൺപത്തിയൊമ്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയേഴ് ) രൂപയായതോടെ ഗതികെട്ട് രാജിവെച്ചു. എന്നിട്ടും ശമ്പളം തന്നില്ല. റിലീവിംഗ് ഓർഡറും തന്നില്ല. അതില്ലാതെ മറ്റൊരിടത്ത് ജോലിക്ക് കയറാനാകാത്ത നാളുകൾ ഉണ്ടായിരുന്നു. ശമ്പളത്തിന് വേണ്ടി റിപ്പോർട്ടർ ടിവിയിൽ ആഴ്ചതോറും കയറിയിറങ്ങി. നികേഷ് കുമാറും എച്ച് ആർ വകുപ്പും മുഖംതരാതെ മുങ്ങിനടന്നു.
25 ലക്ഷത്തിലേറെ രൂപ ശമ്പളം കൊടുക്കാതെ പറ്റിക്കപ്പെട്ടവർ മുതൽ മാസം പതിനായിരത്തിൽ താഴെ രൂപയ്ക്ക് വർഷങ്ങളോളം ജോലി ചെയ്ത് ശമ്പളം കൊടുക്കാതെ മനുഷ്യവാകാശങ്ങളെല്ലാം ഹനിക്കപ്പെട്ട യുവാക്കളും യുവതികളും ഏറെയാണ്. അവർ ഭയംകൊണ്ട് മിണ്ടുന്നില്ല, നികേഷ്, ഒരിക്കൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്നയാൾ, ഇനിയും സ്ഥാനാർത്ഥിയായേക്കാവുന്ന ആൾ, സിപിഎമ്മിൽ പിടിപാട്, എംവി രാഘവൻറെ മകൻ എന്നിങ്ങനെയുള്ള ഭയങ്ങൾ അവർക്കുണ്ടായിരുന്നു.
2018 ലെ പ്രളയദിവസം വീട്ടിൽ വെള്ളം കയറുന്നുവെന്ന വിളി വന്നിട്ടും രാത്രി പത്തിന് സംപ്രേഷണം ചെയ്യാനുള്ള പ്രോഗ്രാമിൻറെ പേരിൽ പുറത്തേക്ക് പോകാൻ അനുമതി നിഷേധിക്കപ്പെട്ടു. പ്രോഗ്രാമുകൾ മുടങ്ങാതിരിക്കാൻ പ്രളയനാളുകളിൽ ഓഫീസിൽ തന്നെ കഴിഞ്ഞപ്പോൾ ഭക്ഷണത്തിന് മാർഗമില്ലാതെ ട്രെയിനി കുട്ടികളടക്കം സന്നദ്ധസംഘടനകളുടെ പൊതിച്ചോർ വിതരണ നമ്പറുകൾ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൻറെ നമ്പറാണ് കിട്ടിയത്. അവർ ഭക്ഷണമെത്തിച്ചു. പ്രളയജലമൊടുങ്ങിയപ്പോൾ നികേഷേ താങ്കൾ പരിഹസിച്ചു, ചാനലിന് നാണക്കേടുണ്ടാക്കാൻ തെണ്ടിക്കഴിച്ചവർ എന്ന്. ആ തെണ്ടികളുടെ കൂടി ആസ്തിയാണ് ഇന്ന് പുത്തൻ കോടികളാൽ പുതുക്കപ്പെട്ടിരിക്കുന്ന റിപ്പോർട്ടർ.
നികേഷും എച്ച് ആറും ആവർത്തിച്ചാവർത്തിച്ച് ഫോൺ എടുക്കാതായതോടെ, ശമ്പള കുടിശ്ശിക നൽകാത്തതിനെതിരെ 2020 ജൂലൈ മൂന്നിന് ലേബർ കമ്മീഷണർക്ക് പരാതി കൊടുത്തു. തനിക്ക് ലേബർ കോടതിയെ സമീപിക്കാവുന്നതാണെന്ന് കമ്മീഷണർ നോട്ടീസ് നൽകി. ശമ്പളം കിട്ടാത്തതിനാൽ ലേബർ കോർട്ടിനെ സമീപിക്കാനും വക്കീലിനെ വെക്കാനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ ഇതുവരെയും ലേബർ കോർട്ടിനെ സമീപിക്കാൻ കഴിഞ്ഞില്ല. സമാനമായ പരാതി കേരള പത്രപ്രവർത്തക യൂണിയൻ അംഗം എന്ന നിലയിൽ യൂണിയനും നല്കിയെങ്കിലും ഫലമുണ്ടായില്ല.
ഇക്കാലത്തിനിടയിലും നികേഷ് കെഎസ്ആർടിസിയിൽ ഒരു മാസം ശമ്പളം മുടങ്ങിയതടക്കമുള്ള പ്രശ്‌നങ്ങളിൽ മനുഷ്യാവകാശലംഘനമടക്കുള്ള ധാർമ്മികപ്രശ്‌നങ്ങൾ ഉയർത്തി ന്യൂസ് നൈറ്റുകൾ നടത്തി. ആ വാർത്തകളുടെ സംപ്രേഷണം നടക്കുമ്പോഴും സ്വന്തം ജീവനക്കാർ മാസങ്ങളോളം ശമ്പളം കിട്ടാതെ നരകിക്കുകയായിരുന്നു.
പുതിയ മാനേജ്‌മെന്റ് ഏറ്റെടുക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോൾ നികേഷിന് വീണ്ടും മെസേജ് അയച്ചു. അപ്പോൾ പുതിയ എച്ച് ആറിനെ സമീപിക്കാനാണ് അയാൾ പറഞ്ഞത്. എന്നാൽ അങ്ങനെയാവട്ട എന്ന് കരുതി പുതിയ മാനേജരെ കണ്ട് കത്ത് നൽകി. പക്ഷേ, ഈ നിമിഷംവരെയും നികേഷിൽ നിന്നോ നികേഷ് കൂടി ഉൾപ്പെടുന്ന പുതിയ എച്ച് ആറിൽ നിന്നോ ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല. അയാൾ ഇപ്പോഴും അതേ ചരിച്ചുവച്ച് ഒട്ടിച്ചുചീകിയ മുടിയും കറുപ്പുകണ്ണടയും വച്ച് ഇപ്പോഴും പുരോഗമന, ഇടതുപക്ഷ, മാധ്യമപ്രവർത്തകൻറെ ഭാവവുമായി ഫ്‌ലക്‌സുകളിൽ നിറയുന്നു എന്നും മാദ്ധ്യമപ്രവർത്തകൻ ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post