കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് എതിരെ പോലീസ് റിപ്പോർട്ട്. വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തിയെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എണ്ണിപ്പറഞ്ഞാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. അനധികൃതമായി ശമ്പളം പറ്റി വിദ്യ സർക്കാരിനെ വഞ്ചിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
നീലേശ്വരം പോലീസ് കാസർകോട് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഹാജരാക്കി ജോലി നേടിയ വിദ്യ ഉന്നത വിദ്യാഭ്യാസ മേഖലയെ കളങ്കപ്പെടുത്തി. കേരളത്തിൽ പേര് കേട്ട കോളേജുകളിൽ ഒന്നാണ് മഹാരാജാസ്. ഈ കോളേജിന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കി. കരിന്തളം കോളേജിൽ അദ്ധ്യാപികയായി ജോലി തട്ടിയ വിദ്യ 2,78,250 രൂപയാണ് സമ്പാദിച്ചത്. ഇതുവഴി സർക്കാരിനെ വഞ്ചിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കോടതി വിദ്യയുടെ ജാമ്യ ഹർജി പരിഗണിച്ചത്. സ്ത്രീയാണെന്നും അവിവാഹിതയാണെന്നും തന്റെ പ്രായം കണക്കിലെടുത്ത് ജാമ്യം നൽകണമെന്നും ആയിരുന്നു വിദ്യയുടെ ആവശ്യം. ഇത് പരിഗണിച്ച കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Discussion about this post