തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലീം ലീഗ്. സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ. സിവിൽ കോഡ് മുന്നണിയിൽ മുസ്ലീം ലീഗും അംഗമാകുമെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഏക സിവിൽ കോഡ് എന്നാണ് മുസ്ലീം ലീഗിന്റെ അഭിപ്രായം. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ഏക സിവിൽ കോഡ് കൊണ്ടുവരുന്നത് ഇതിന് എതിരാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിരുന്നു. സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുളള മുന്നൊരുക്കമാണെന്നും അതിനെ എന്ത് വില കൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.
സിവിൽ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ സമസ്തയെ ക്ഷണിക്കുമെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് ലീഗിന് ക്ഷണമുണ്ടാകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ന്യൂനപക്ഷത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പോകുന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഗോവിന്ദൻ മറുപടി നൽകിയത്. പ്രക്ഷോഭത്തിൽ ആർക്കും പങ്കെടുക്കാമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മുമായി സഹകരിക്കാൻ തയാറാണെന്ന് സാദിഖലി തങ്ങൾ തുറന്നു പറഞ്ഞത്.
Discussion about this post