പാലക്കാട് : റിസോർട്ടിലെ പാർട്ടിയിലേക്കായി ലഹരി മരുന്ന് കടത്തുന്നതിനിടയിൽ മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് സൗത്ത് കേരള സൗന്ദര്യമത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പും മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതിയുടെ വാഹനത്തിൽ നിന്നും 62 ഗ്രാം എം ഡി എം എ കണ്ടെടുക്കുന്നത്. തൃശ്ശൂർ മുകുന്ദപുരത്തെ വള്ളിവട്ടം ഇടവഴിക്കൽ വീട്ടിൽ ഷമീന (31) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഇതേസമയം ഈ യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവരുടെ സുഹൃത്തായ എടശ്ശേരി തളിക്കുളം അറക്കൽ വീട്ടിൽ മുഹമ്മദ് റയീസിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2019 ൽ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി , കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളിലും പ്രതിയാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഷമീന. സുഹൃത്ത് മുഹമ്മദ് റയീസ് ഐടി പ്രൊഫഷണൽ ആണ്.
കൊച്ചിയിലെ ഒരു റിസോർട്ട് കേന്ദ്രീകരിച്ച് ഒരു സമൂഹമാദ്ധ്യമ കൂട്ടായ്മ നടത്തിയ പാർട്ടിയിലേക്കാണ് ഇവർ ലഹരി മരുന്ന് കൊണ്ടുപോയിരുന്നത് എന്നാണ് പോലീസ് പറയുന്നത്. നിരവധി മോഡലുകളും സമൂഹമാധ്യമങ്ങളിലെ താരങ്ങളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ബംഗളൂരുവിൽ നിന്നുമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ലഹരി മരുന്ന് പ്രതികൾ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. ലഹരി മരുന്നുമായി ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ജീപ്പും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.
Discussion about this post