തിരുവനന്തപുരം: കൈതോലപ്പായയിൽ രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ പാർട്ടി നേതാവ് പൊതിഞ്ഞുകടത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ അടുത്ത ഫേസ്ബുക്കും പോസ്റ്റും സിപിഎമ്മിന് തലവേദനയാകുന്നു. നേതാവ് കടത്തിയ പണം പാർട്ടി കേന്ദ്രങ്ങളിൽ ലഭിച്ചിട്ടില്ലെന്ന ശക്തിധരന്റെ വെളിപ്പെടുത്തലാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത്. നേതാക്കൾക്ക് ലഭിക്കുന്ന പണം പാർട്ടി കേന്ദ്രങ്ങളിൽ ബോധിപ്പിക്കണമെന്നാണ് പാർട്ടി ചട്ടം.
കേരളത്തിലെ ഒരു ദേശീയ പാർട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളിൽ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികൾ കീശയിലാക്കിയ സംഭവം ഞാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്‌ക്കളങ്കരായ സഖാക്കൾ ഉണ്ടെന്നത് ശരിയാണെന്ന് പറഞ്ഞാണ് ജി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നെ അറിയുന്നവർ എന്നിൽ നിന്ന് പ്രതീക്ഷിക്കാത്തതായിരുന്നു ഇതെല്ലാം എന്നതാണ് അതിന്റെ സാരം.
ഞാനും പ്രതികരിക്കാതിരുന്നാൽ ഈ പ്രസ്ഥാനം കേരളത്തിൽ ഒരു ദുരന്തമായി മാറും എന്നത് ഉറപ്പാണ്. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാർ, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തിൽ തുടർഭരണം എന്ന മിഥ്യയുടെ ഇലകൾ കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.
പാർട്ടി ആസ്ഥാനത്തു പണം കൈകാര്യം ചെയ്യുന്ന സഖാവിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് ഇതുസംബന്ധിച്ച കണക്കൊന്നും പാർട്ടി കേന്ദ്രത്തിൽ ലഭ്യമേയല്ല എന്നാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ല. എന്നാൽ പാർട്ടി സെന്ററിൽ ഏൽപ്പിച്ച 10 ലക്ഷം രൂപ സംബന്ധിച്ച് ഒരു കുറിമാനം ഉണ്ട്.
പണം സൂക്ഷിക്കാൻ കൊടുത്തയാളല്ല ആ കുറിപ്പ് കൊടുത്തത്. ഏറ്റുവാങ്ങിയ സ്റ്റാഫ്, ആ ചുമത ലയിൽ നിന്ന് മാറ്റപ്പെട്ട സന്ദർഭത്തിൽ ഈ തുക തിരിച്ചെടുക്കുകയും ഉത്തരവാദിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും അതുക്കും മേലെയുള്ള ആളോട് സമ്മർദ്ദം ചെലുത്തിയ കുറിപ്പാണുള്ളതെന്ന് ശക്തിധരൻ പറയുന്നു. പാർട്ടി ആകെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതും കൂടി അതിന് മുകളിൽ കെട്ടിവെച്ചാൽ പാർട്ടി തകരുമെന്നും സ്‌നേഹബുദ്ധ്യാ ആ നേതാവ് പറഞ്ഞതായാണ് അനൗദ്യോഗിക വിവരമെന്നും ശക്തിധരൻ കൂട്ടിച്ചേർക്കുന്നു.
ഏതുകാലത്തും കർക്കശമായ ചെലവ് വരവ് കണക്കുകൾ സൂക്ഷിക്കുന്ന പാർട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തെരെഞ്ഞെടുപ്പ് സമയത്തു ചെലവ് കഴിഞ്ഞു മിച്ചം വന്ന 28 ലക്ഷം രൂപ എകെജി സെന്ററിൽ മടങ്ങിയെത്തിയപാടെ വിഎസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയൽറ്റിയായി പുസ്തക പബ്ലീഷറിൽ നിന്ന് കിട്ടിയപ്പോൾ അതേപടി കത്തെഴുതി എകെജി സെന്ററിൽ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്യുണിസ്റ്റ് കാരുടെ ജീവിതം. അതുകൊണ്ടാണ് വിഎസ് ,വിഎസ് ആയത്.
വീട്ടിൽ കോടീശ്വരനായ ഒരു അതിഥി വന്നാൽ സ്വന്തം കുടുംബത്തെ എവിടെ നിർത്തണമെന്ന് വിഎസ്സിന് അറിയാമായിരുന്നുവെന്നും പിണറായിയെ ഉൾപ്പെടെ ഒളിയമ്പാക്കി ശക്തിധരൻ പറയുന്നു. വിഎസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടിൽ എത്തിച്ചിട്ടില്ലെന്നും ശക്തിധരൻ പരിഹസിക്കുന്നുണ്ട്.
താൻ എംവി ഗോവിന്ദന്റെ രാഷ്ട്രീയ ശത്രുക്കൾക്ക് ഒപ്പമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തിനും ശക്തിധരൻ മറുപടി നൽകി. എന്ത് ചെയ്യാൻ, എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡിഎൻഎ ആർക്കും മനസിലാകുന്നില്ല? എന്നായിരുന്നു വാക്കുകൾ.
Discussion about this post