‘എന്തുപറ്റി, ആകെ ഡള്ളാണല്ലോ?’, ‘ഏയ് മനസ്സിനെന്തോ ഒരു സുഖമില്ല’. അതേ, മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏതെങ്കിലും രീതിയിലുള്ള മാനസികപ്രശ്‌നങ്ങള്‍ നേരിടാത്തവര്‍ ഇക്കാലത്ത് ഇല്ലെന്ന് തന്നെ പറയാം. പക്ഷേ ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുവെന്നത് പ്രോത്സാഹനാര്‍ഹമാണ്. എങ്കിലും തങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും അലട്ടലുകളും എന്താണെന്നും അവയുണ്ടാകുന്നത് എന്തുകൊണ്ടെണെന്നും എന്ത് പ്രതിവിധിയാണ് തേടേണ്ടതെന്നും അറിയാത്തവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
ഇന്ന് മിക്കവരും നേരിടുന്ന മാനസിക തകരാറാണ് ഉത്കണ്ഠ അഥവാ anxiety. പക്ഷേ എന്താണിതെന്ന് പലര്‍ക്കും കൃത്യമായ ബോധ്യമില്ല. നിമിഷങ്ങള്‍ കൊണ്ട് സാഹചര്യങ്ങള്‍ മാറിമറിയുന്ന തിരക്കിട്ട ജീവിതത്തില്‍ സ്‌ട്രെസ്സും ഉത്കണ്ഠയുമെല്ലാം വളരെ സ്വാഭാവികമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്‌ട്രെസ്സ് അല്ലെങ്കില്‍ മുമ്പിലുള്ള ഒരു പ്രതിസന്ധിയോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ് യഥാര്‍ത്ഥത്തില്‍ ഉത്കണ്ഠ. ആശങ്ക, ആകുലചിന്തകള്‍,രക്ത സമ്മര്‍ദ്ദം ഉയരുന്നത് പോലുള്ള ശാരീരിക മാറ്റങ്ങള്‍ എന്നീ ലക്ഷണങ്ങളോട് കൂടിയ ഒരു വികാരം എന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ ഉത്കണ്ഠയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. പക്ഷേ ഇന്ന്, സാധാരണമായ സ്‌ട്രെസ്സ്, ആശങ്ക എന്നിവയെ എല്ലാം ആളുകള്‍ ഉത്കണ്ഠ എന്നാണ് വിളിക്കുന്നത്.
ഉത്കണ്ഠ അനുഭവിക്കാത്ത ആളുകള്‍ ഉണ്ടാകില്ല. ദൈനംദിന ജീവിതത്തില്‍ ഏതെങ്കിലും സാഹചര്യങ്ങളില്‍ നമ്മളെല്ലാവരും ആശങ്കപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്തിട്ടുണ്ടാകും. മനസ്സ് ഒരു മേഘപടലം പോലെ എന്തോ ഒന്നാല്‍ മൂടപ്പെട്ട അവസ്ഥ, അല്ലെങ്കില്‍ വയറിനുള്ളില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വേദനയോ വീര്‍പ്പുമുട്ടലോ, ഇങ്ങനെയൊക്കെയാണ് പലര്‍ക്കും ഉത്കണ്ഠ അനുഭവപ്പെടുന്നത്. പരിഹരിക്കപ്പെടാത്തതും അവഗണിക്കപ്പെടുന്നതുമായ ഉത്കണ്ഠ ഒരു വ്യക്തിയെ വിഷാദ രോഗത്തിലേക്ക് എത്തിക്കും. ഈ അവസ്ഥയില്‍ എത്തിയാല്‍ ഉത്കണ്ഠ അപകടകാരിയാകും. ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കും. തലയ്ക്ക് മുകളില്‍ വെള്ളമെത്തിയതിന് സമാനമായ ഈ അവസ്ഥയില്‍ രക്ഷപ്പെടാന്‍ ഒരു മാനസികരോഗ വിദഗ്ധന്റെ സഹായം തേടുക മാത്രമാണ് വഴി.
ഉത്കണ്ഠയെ എങ്ങനെ നേരിടാം?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് മിക്കവരും തേടുന്നത്. ദൈനംദിന ജീവിത സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയെ നേരിടുന്നതിനുള്ള ചില വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.
പോഷകാഹാരം: ഉത്കണ്ഠയെ നേരിടുന്നതില്‍ പോഷകാഹാരം വളരെ പ്രധാനമാണ്. സ്‌ട്രെസ്സ് അനുഭവപ്പെടുമ്പോള്‍ മിക്കവരും ഭക്ഷണത്തോട് വിമുഖത കാണിക്കും. പക്ഷേ ഇത് ഒട്ടും നല്ലതല്ല. ഉത്കണ്ഠയുള്ളവര്‍ പോഷകാഹാരങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേക ആഹാരക്രമം തിരഞ്ഞെടുക്കണം.
ഉറക്കം: ശരീരം സ്വയം സുഖപ്പെടുന്ന ഒരു സമയമാണ് ഉറക്കം. ഒരു ദിവസത്തെ സ്‌ട്രെസ്സില്‍ നിന്നും കരകയറാനും വീണ്ടും ഊര്‍ജ്ജസ്വലമാകാനും ശരീരത്തെ സഹായിക്കുന്നത് ഉറക്കമാണ്. നല്ല ഉറക്കം നമ്മുടെ പ്രതിരോധ സംവിധാനത്തിനും മനസ്സിനും ഉന്മേഷം നല്‍കും.
ചില ഭക്ഷണസാധനങ്ങള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഉണക്കിയ പഴങ്ങള്‍, ഇലക്കറികള്‍, പഴം, അത്തിപ്പഴം, തൈര്, പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉത്കണ്ഠയ്‌ക്കെതിരെ ഫലവത്താണ്. അതുപോലെ വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും കഴിക്കണം.
ധ്യാനം: യോഗ, ധ്യാനം പോലുള്ളവ വികാരങ്ങളെ നിയന്ത്രിക്കാനും ദൈനംദിന ജീവിതത്തിലെ ഉത്കണ്ഠയും സ്‌ട്രെസ്സും പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കാനും ഫലവത്താണ്.
ഡീപ് ബ്രീത്തിംഗ്: ശ്വസോച്ഛാസ വ്യായാമ മുറകള്‍, ഡീപ് ബ്രീത്തിംഗ് എന്നിവ ഉത്കണ്ഠയ്ക്ക് ആശ്വാസമേകും. ഹൃദയ മിടിപ്പ് നിരക്ക് കുറയ്ക്കാനും ശരീരവും മനസ്സും ശാന്തമാകാനും ഇതിലൂടെ കഴിയും.
ഉത്കണ്ഠ കുറയ്ക്കാന്‍ മേല്‍പ്പറഞ്ഞ വഴികളെല്ലാം ഗുണകരമാണെങ്കിലും ഓരോ വ്യക്തികളിലും ഇവയുടെ ഫലങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ഇതിനൊപ്പം തന്നെ, നിരന്തരമായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയും ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. വലപ്പോഴും മാനസികമായ അലട്ടലുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന കാര്യം എപ്പോഴും ഓര്‍ക്കുക. ഉത്കണ്ഠയോ സ്‌ട്രെസ്സോ ഉടനടി വിദഗ്‌ധോപദേശം വേണ്ട മാനസിക പ്രശ്‌നങ്ങളല്ല. എന്നാല്‍, അങ്ങനെ വേണമെന്ന് സ്വയം തോന്നിയാല്‍ ആരോഗ്യ വിദഗ്ധനെ കാണാനും മടിക്കേണ്ടതില്ല.
Discussion about this post