തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്താനെന്ന പേരിൽ പോലീസ് നടത്തിയത് ദുരൂഹമായ ഇടപെടൽ. സംസ്ഥാന വ്യാപകമായി മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും എത്തിയ പോലീസ് അവരുടെ ബന്ധുവീടുകൾ പോലും വെറുതെ വിടുന്നില്ലെന്ന് സ്ഥാപനം വ്യക്തമാക്കി.
മറുനാടൻ മലയാളിയുടെ പേജുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്ഥാപനം നിലവിലെ സാഹചര്യം വിശദീകരിച്ചത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ പോലും റെയ്ഡ് നടത്താൻ മടിച്ചുനിന്നവരാണ് കേരള പോലീസ്. ആ പോലീസാണ് ഒരു വ്യക്തിയെ കണ്ടെത്താൻ വേണ്ടി മാത്രം ഇത്രയും പരിശോധനകൾ നടത്തുന്നതെന്ന് സ്ഥാപന അധികാരികൾ ചൂണ്ടിക്കാട്ടി.
കൊച്ചി ഓഫീസിൽ നിന്ന് കംപ്യൂട്ടറുകളും ക്യാമറകളും ഉൾപ്പെടെ പൂർണമായി പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം ഓഫീസിൽ നിന്ന് 20 ലധികം കംപ്യൂട്ടറുകളും മോണിട്ടറും സിപിയുകളുമടക്കം പിടിച്ചെടുത്തു. വിലപിടിപ്പുളള ക്യാമറകളും സിസിടിവി ക്യാമറകളും പോലും പോലീസ് വെറുതെവിട്ടില്ല.
നിലവിൽ സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായി മുടങ്ങിയ നിലയിലാണ്. കംപ്യൂട്ടറുകളും ഉപകരണങ്ങളും പോലീസ് പൂർണമായി പിടിച്ചെടുത്തുവെന്ന് വീഡിയോയിൽ സ്ഥാപനം വ്യക്തമാക്കി. എന്നാൽ പുതിയ കംപ്യൂട്ടറുകൾ വാങ്ങുമെന്നും ഒരു ജീവനക്കാരനെങ്കിലും അവശേഷിച്ചാൽ പ്രവർത്തനം തുടരുമെന്നുമാണ് സ്ഥാപനം വ്യക്തമാക്കുന്നത്.
പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ നടപടി. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിരോധന നിയമപ്രകാരമുളള കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡുമായി പോലീസ് ഇറങ്ങിയത്.
Discussion about this post