നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മകളും നടിയുമായി അർഥന ബിനു രംഗത്ത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അർഥന ഇക്കാര്യം അറിയിച്ചത്. വിജയകുമാർ ജനൽ വഴി ഭീഷണിപ്പെടുത്തുകയും തുടർന്ന് വീടിന്റെ മതിൽ ചാടി പോകുന്നതും വീഡിയോയിൽ കാണാം.
തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. അമ്മൂമ്മ തന്നെ കൊണ്ടുനടന്ന വിൽക്കുകയാണെന്നാണ് വിജയകുമാർ ആരോപിക്കുന്നത് എന്നും അർഥന പറഞ്ഞു. പോലീസിൽ പരാതിപ്പെട്ടിട്ടും ഒരു സഹായവും ലഭിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെയ്ക്കുന്നത് എന്നും നടി പോസ്റ്റിൽ കുറിച്ചു.
” രാവിലെ 9.45 ഓടെ പോലീസിൽ പരാതി നൽകിയിട്ടും ആരും സഹായിക്കാനെത്തിയില്ല. ഈ സാഹചര്യത്തിലാണ് ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നത്. വീഡിയോയിലുളള വ്യക്തി എന്റെ ബയോളജിക്കൽ അച്ഛനും സിനിമാ നടനുമായ വിജയകുമാർ ആണ്. ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് ശേഷം അയാൾ തിരിച്ച് പോകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. എന്റെ അച്ഛനമ്മമാർ നിയമപരമായി വേർപിരിഞ്ഞവരാണ്. ഞാനും അമ്മയും അനിയത്തിയും 85 വയസുള്ള അമ്മൂമ്മയോടൊപ്പം അമ്മവീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ ഇത്തരത്തിൽ അതിക്രമിച്ച് കയറി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ കേസ് കൊടുത്തിട്ടുമുണ്ട്.
ഇന്നും അയാൾ മതിൽ ചാടി വീട്ടിലെത്തി. വാതിൽ അടച്ചിട്ടിരുന്നതിനാൽ ജനലിനടുത്ത് നിന്ന് സംസാരിച്ചു. എന്റെ സഹോദരിയെയും അമ്മൂമ്മയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി. എന്നോട് അഭിനയം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടും അയാൾ ഭീഷണിപ്പെടുത്തി. അനുസരിച്ചില്ലെങ്കിൽ എന്റെ ഭാവി തകർക്കാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.
അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അയാൾ പറയുന്ന സിനിമകളിൽ മാത്രം അഭിനയിച്ചാൽ മതിയെന്നാണ് താക്കീത് നൽകിയിരിക്കുന്നത്. ജനലിൽ നിരന്തരം അടിച്ച് അയാൾ അലറുകയായിരുന്നു. ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്ന സിനിമയിലെ അണിയറപ്രവർത്തകരെ വിളിച്ച് അയാൾ അസഭ്യം പറഞ്ഞു.
എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലുമെത്തി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനും എതിരെ ഞാനും അമ്മയും അയാൾക്കെതിരെ ഫയൽ ചെയ്ത കേസ് കോടതിയിൽ നിലനിൽക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഞാൻ എന്റെ ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിക്കുന്നത്. അതെന്റെ പാഷനാണ്. സാധിക്കുന്ന അത്രയും കാലം ഞാൻ ഈ രംഗത്ത് തന്നെ തുടരും. ഞാൻ എപ്പോൾ സിനിമയിൽ അഭിനയിച്ചാലും ഇയാൾ എനിക്കെതിരെ കേസ് കൊടുക്കാറുണ്ട്. ഷൈലോക്ക് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴും കേസ് കൊടുത്തിരുന്നു. തുടർന്ന് സിനിമ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയാൻ സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയിച്ചത് എന്ന് വ്യക്തമാക്കിക്കൊണ്ട് രേഖ സമർപ്പിക്കേണ്ടി വന്നു. കൂടുതൽ എഴുതാനുണ്ട് എന്നാൽ അടിക്കുറിപ്പിന് അനുവദിച്ചിട്ടുള്ള പരിധി അതിന് അനുവദിക്കുന്നില്ല. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുപിടിക്കാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും നിലനിൽക്കുന്നുണ്ട് ” അർഥന ബിനു കുറിച്ചു.
Discussion about this post