കൊച്ചി: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പരസ്യം പതിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിൽ സർക്കാരിനെ ട്രോളി അഡ്വ. ജയശങ്കർ. അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളിൽ ‘കൈകൾ കോർത്ത് കരുത്തോടെ’ പിണറായി സർക്കാർ രണ്ടാം വാർഷികം എന്ന എംബ്ലമാണ് ചേർത്തത്. എഴുത്തുകാരിൽ ഇത് വലിയ പ്രതിഷേധവും ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അക്കാദമി പ്രസിഡന്റും ഇടത് സഹയാത്രികനുമായ കവി സച്ചിദാനന്ദനും എഴുത്തുകാരി ശാരദക്കുട്ടിയും അടക്കമുളളവർ ഇതിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ജയശങ്കറും സർക്കാരിനെ പരിഹസിച്ചത്.
“ശരിയല്ല, ഒട്ടും ശരിയായില്ല. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളിൽ ‘കൈകൾ കോർത്ത് കരുത്തോടെ’ എന്ന സർക്കാർ പരസ്യം പ്രസിദ്ധീകരിച്ചത് തീരെയും ശരിയായില്ല. ‘കാരണഭൂതൻ കേരളത്തിന്റെ അഭിമാനം; ലോകത്തിനു വഴികാട്ടി’ എന്നു വേണമായിരുന്നു പരസ്യ വാചകം”. എന്നാണ് ജയശങ്കർ കുറിച്ചത്.
നടപടി വിവാദമായതിന് പിന്നാലെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അക്കാദമി സെക്രട്ടറി സിപി അബൂബക്കർ രംഗത്ത് എത്തിയിരുന്നു. പ്രത്യേക പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വേറിട്ട് കാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചതെന്നാണ് അക്കാദമി സെക്രട്ടറിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഇക്കാര്യം സജീവ ചർച്ചയായിരുന്നു. തുടർന്നാണ് അക്കാദമി സെക്രട്ടറി വിശദീകരണവുമായി എത്തിയത്.
Discussion about this post