ന്യൂഡൽഹി : കേരളത്തിൽ മാദ്ധ്യമസ്വാതന്ത്ര്യം ആക്രമിക്കപ്പെടുകയാണെന്ന് ബിജെപി കേരള പ്രഭാരിയും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തെറ്റുകൾ തുറന്നുകാണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെ സർക്കാർ ഭയപ്പെടുത്തികയാണെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മാദ്ധ്യമങ്ങൾക്കെതിരെ തീവ്രവാദമാണ് നടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലിലെ വനിതാ മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവവും മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപനത്തിലെ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തിയ സംഭവവും പരാമർശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് മാദ്ധ്യമങ്ങൾക്കെതിരെ ഭീകര വേട്ടയാണ് നടക്കുന്നത്. രാജ്യത്ത് തന്നെ ഇത് ആദ്യത്തെ സംഭവമാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിലെ തെറ്റുകൾ തുറന്നുകാട്ടുന്നവർക്കെതിരായ രാഷ്ട്രീയ പകപോക്കലാണിത്, മാദ്ധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ്. മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള കേരള സർക്കാരിന്റെ ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ കാലാവധി പൂർത്തിയാക്കാനാകില്ലെന്ന് ജാവദേക്കർ പറഞ്ഞിരുന്നു. സംസ്ഥാനം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. എസ്എൻസി ലാവ്ലിൻ, സോണ്ട അഴിമതി, സ്വർണക്കടത്ത്, എഐ കാമറ വിവാദം തുടങ്ങി നിരവധി അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുവലത് മുന്നണികൾ കനത്ത തിരിച്ചടി നേരിടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post