ഇസ്ലാമാബാദ്: ബലിപെരുന്നാൾ ദിവസം ഖുർആനിന്റെ കോപ്പി പോലീസ് സംരക്ഷണത്തിൽ കത്തിച്ച സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ആലോചനയുമായി പാകിസ്താൻ. ഖുർആനെ അവഹേളിച്ചതിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചെങ്കിലും ഇതിനാവശ്യമായ ധനസമാഹരണം എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയിലാണ് പാകിസ്താൻ. പ്രകൃതി ദുരന്തങ്ങളും സാമ്പത്തികമാന്ദ്യവും പിടിച്ചുലച്ച സാഹചര്യത്തിൽ കോടികൾ ചിലവ് വരുന്ന രാജ്യവ്യാപക പ്രതിഷേധം എങ്ങനെ വിപുലമായി നടത്തുമെന്നാണ് ആലോചിക്കുന്നത്. നിലവിൽ ഖജനാവിൽ ദൈന്യംദിന പ്രവർത്തനങ്ങൾക്ക് പോലും പണമില്ല. അന്താരാഷ്ട്ര സംഘടനകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എടുക്കുന്ന കടം ഒരുവശത്ത് കുമിഞ്ഞ് കൂടുകയാണ്. ഈ സാഹചര്യത്തിൽ പ്രതിഷേധം റാലിയിൽ ഒതുക്കിയാലോ എന്ന ആലോചനയും നടക്കുന്നുണ്ട്.
എന്തായാലും ഖർആനെ അപകീർത്തിപ്പെടുത്തുന്നതിനെ അപലപിക്കുന്ന പ്രമേയം സംയുക്ത സമ്മേളനം പാസാക്കും.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നേതൃത്വം നൽകുന്ന പ്രതിഷേധ റാലിയിൽ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
അതേസമയം സ്വീഡനിൽ ഖുർആൻ കത്തിച്ചതിൽ റിയാദിലെ സ്വീഡൻ അംബാസിഡറെ വിളിച്ചുവരുത്തി സൗദി അറേബ്യ ശക്തമായ പ്രതിഷേധം അറിയിച്ചു.ഖുർആൻ കത്തിക്കുന്ന നിന്ദ്യമായ പ്രവൃത്തിയെ സൗദി അറേബ്യ അപലപിക്കുന്നതായി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ഒഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിൻ ഹമദ് അൽ സുഹൈബാനിയും പറഞ്ഞു.
Discussion about this post