മലപ്പുറം: കുറ്റിപ്പുറത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് വിദ്യാർത്ഥികൾ. 25 ഓളം വിദ്യാർത്ഥികൾ ആണ് തീവണ്ടി വരുന്ന സമയത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നത്. വൻ ദുരന്തത്തിൽ നിന്നും ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികളും ആർപിഎഫ് ഉദ്യോഗസ്ഥരും പറയുന്നു.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു സംഭവം. കോഴിക്കോട് ഷൊർണൂർ പാസഞ്ചറിൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ വിദ്യാർത്ഥികൾ ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ട്രാക്ക് മുറിച്ചു കടക്കാൻ റെയിൽവേ സ്റ്റേഷനിൽ നടപ്പാലമുണ്ട്. എന്നാൽ എളുപ്പത്തിൽ ട്രാക്കിന് അപ്പുറത്ത് എത്തുന്നതിന് വേണ്ടിയായിരുന്നു വിദ്യാർത്ഥികളുടെ സാഹസം.
ഇതിനിടെ കോയമ്പത്തൂർ- മംഗളൂർ എക്‌സ്പ്രസ് അതുവഴി പാഞ്ഞെത്തി. കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാതെ തീവണ്ടി വലിയ വേഗത്തിലാണ് എത്തിയത്. മദ്ധ്യഭാഗത്തെ ട്രാക്കിലൂടെ തീവണ്ടി വരുന്നത് കണ്ട് പരിഭ്രാന്തരായ വിദ്യാർത്ഥികൾ നാല് പാടും ചിതറിയോടുകയായിരുന്നു.
ഇതിന് പിന്നാലെ വിവിധ കോളേജുകളിൽ എത്തി വിദ്യാർത്ഥികൾക്ക് ആർപിഎഫ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. വിദ്യാർത്ഥികൾ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് കണ്ട് മൂന്ന് മുതിർന്നവരും ട്രാക്കിലൂടെ ഇറങ്ങി നടന്നിരുന്നു. ഇവരിൽ നിന്നും പിഴയീടാക്കി.
Discussion about this post