ആരാധർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസർ പുറത്ത്. ഇന്ന് പുലർച്ചെ 5.12 നാണ് ആദ്യ ടീസർ പുറത്തിറങ്ങിയത്. മികച്ച ഫൈറ്റ് സീനുകൾ തന്നെയാണ് ടീസറിലുള്ളത്. പൃഥ്വിരാജിനെയും ടീസറിൽ കാണാം.
ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വരദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്.
കെജിഎഫിലേതിന് സമീനമായ കളർ ടോണും ആക്ഷൻ സീക്വൻസുകളുമാണി സലാറിലുള്ളത്. ടിന്നു ആനന്ദ് അവതരിപ്പിക്കുന്ന കഥാപാത്രം നായകനെക്കുറിച്ച് നൽകുന്ന ഒരു ഇൻട്രൊഡക്ഷനിലൂടെയാണ് ടീസർ ആരംഭിക്കുന്നത്.
ഇന്ത്യക്ക് പുറമേ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നിട്ടുള്ളത്. ഹോംബാലെ ഫിലിംസിന്റെ കെജിഎഫ് 2, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിൽ റിലീസ് ചെയ്യുന്നത്.സെപ്റ്റംബർ 28 ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും.
Discussion about this post