തിരുവനന്തപുരം: രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ നിയമത്തിന് വേണ്ടി നേരത്തെ ശക്തമായി വാദിച്ച പാർട്ടിയാണ് സി.പി.എം. കോൺഗ്രസിലെ പലരും ദേശീയതലത്തിൽ പോലും ഏകീകൃത സിവിൽ നിയമത്തെ അനുകൂലിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ വോട്ട് ബാങ്കിൽ കണ്ണുനട്ടാണ് സി.പി.എമ്മും കോൺഗ്രസും ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നത്. വർഗീയ ശക്തികളെ പ്രീണിപ്പിക്കാനും കേരളത്തിൽ മത ധ്രുവീകരണമുണ്ടാക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെതിരെ ബി.ജെ.പി സംസ്ഥാനത്ത് പ്രചാരണ പരിപാടികൾ നടത്തും. ഇതിന്റെ ഭാഗമായി സെമിനാറുകളും സംവാദങ്ങളും സമ്പർക്ക പരിപാടികളും നടത്തും. മുസ്ലീം സമുദായത്തിൽ വലിയ വിഭാഗം ഏകീകൃത സിവിൽ നിയമത്തിന് അനുകൂലമാണ്. സ്വന്തം പെൺമക്കൾക്ക് തങ്ങളുടെ പൈതൃക സ്വത്തവകാശത്തിൽ തുല്യത ഉറപ്പുവരുത്താൻ വലിയ വിഭാഗം കിട്ടാൻ നിരവധി രക്ഷിതാക്കൾ താല്പര്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി,
മുത്തലാക്കിനെ ശക്തമായി എതിർക്കാൻ നല്ലൊരു വിഭാഗം മുസ്ലീം വനിതകളും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും കോൺഗ്രസും ശ്രമിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഇവർ പിന്മാറണമെന്ന് സുരേന്ദ്രൻ അഭ്യർത്ഥിച്ചു.
Discussion about this post