എണ്ണയില്ലാതെ പാചകം ചെയ്യുക ബുദ്ധിമുട്ടാണ്. പാചകം ആരംഭിക്കുന്നത് തന്നെ എണ്ണയിലൂടെയാണ്. പച്ചക്കറികള്‍ വഴറ്റാനാണെങ്കിലും മീന്‍ പൊരിക്കാനാണെങ്കിലും പപ്പടം വറക്കാനാണെങ്കിലും എണ്ണ വേണം. പക്ഷേ പപ്പടം വറുക്കുമ്പോഴും മറ്റ് എണ്ണക്കടികള്‍ ഉണ്ടാക്കുമ്പോഴും പാചകശേഷം ബാക്കിയാകുന്ന എണ്ണ വീട്ടമ്മമ്മാരുടെ തലവേദനയാണ്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന ആരോഗ്യവിദഗ്ധരുടെ ഉപദേശം ഒരു ഭാഗത്ത്, എണ്ണം വെറുതെ കളയണമല്ലോ എന്ന വിഷമം മറുഭാഗത്ത്. മിക്കവരും ആ എണ്ണ സൂക്ഷിച്ച് വെച്ച് മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. പക്ഷേ ആരോഗ്യത്തിന് അത് നല്ലതാണോ, ഏത് തരത്തിലാണ് അത് ആരോഗ്യത്തെ ബാധിക്കുന്നത്.
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ എന്ത് സംഭവിക്കും?
എണ്ണ വീണ്ടും ചൂടാക്കുമ്പോഴും വീണ്ടും പാചകത്തിന് ഉപയോഗിക്കുമ്പോഴും അതിലെ കൊഴുപ്പിന് മാറ്റമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. പോളിമെറൈസേഷന്‍ എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. കൊഴുപ്പ് തന്മാത്രകളുടെ ഘടനയില്‍ മാറ്റമുണ്ടാകുകയും ശരീരത്തിന് അത്ര നന്നല്ലാത്ത പുതിയ സംയുക്തങ്ങള്‍ അവിടെ രൂപപ്പെടുകയും ചെയ്യുന്നു. ചില അവസരങ്ങളില്‍ ഈ സംയുക്തങ്ങള്‍ ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും.
ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
പാചക എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അത് പുളിക്കുകയും അതിനുള്ളിലെ ട്രാന്‍സ് ഫാറ്റി ആസിഡുകളുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് പോഷകാഹാര വിദഗ്ധയായ ഡോ.അഞ്ജു സൂദ് പറയുന്നത്. ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ശരീരത്തിന് വലിയ ദോഷമുണ്ടാക്കുന്നവയാണ്. എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകുന്നു. മാത്രമല്ല, ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യും. ക്രമേണ ബ്ലോക്കുണ്ടാകുന്നതിനും ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകും.
കൊഴുപ്പുകളില്‍ ശരീരത്തിന് ഏറ്റവുമധികം ദോഷമുണ്ടാക്കുന്നവയാണ് ട്രാന്‍സ് ഫാറ്റ്. പല വഴികളിലൂടെ ട്രാന്‍സ് ഫാറ്റ് ശരീരത്തിലെത്തുന്നുണ്ട്. എണ്ണ ആവശ്യത്തിലധികം ചൂടാക്കുകയോ പല തവണ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ അതിലെ ട്രാന്‍സ് ഫാറ്റിന്റെ അളവ് ഉയരുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയാണ്.
വറക്കുന്നതിനോ പൊരിക്കുന്നതിനോ എണ്ണം ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ അതില്‍ ഭൗതികരാസ മാറ്റങ്ങളും പോഷകങ്ങളുടെ അളവുകളിലുള്ള മാറ്റവും ഉണ്ടാകുവെന്ന് രാജ്യത്തെ ഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടിയും(FSSAI) പറയുന്നു. എണ്ണ ഉപയോഗിച്ച് വറക്കുമ്പോള്‍ ഉണ്ടാകുന്ന ടോട്ടല്‍ പോളാര്‍ കോംപൗണ്ടുകള്‍ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.
പാചക എണ്ണ വീണ്ടും ഉപയോഗിക്കണോ?
ഉപയോഗിച്ച ശേഷം ബാക്കിയാവുന്ന എണ്ണ കളയുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ആരോഗ്യവിദഗ്ധരും എഫ്എസ്എസ്എഐ പോലുള്ള അതോറിട്ടികളും പറയുന്നു. പക്ഷേ വളരെയധികം എണ്ണ ബാക്കിയാകുമ്പോള്‍ കളയാന്‍ മടിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണം അത് വീണ്ടും ഉപയോഗിക്കാന്‍.
ബാക്കിയായ എണ്ണ സുരക്ഷിതമായി ഉപയോഗിക്കാനുള്ള വഴികള്‍
രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക
ടോട്ടല്‍ പോളാര്‍ കോംപൗണ്ടുകള്‍ 25 ശതമാനത്തില്‍ അധികമായാല്‍ എണ്ണ ഉപയോഗയോഗ്യമല്ലാതാകുമെന്നാണ് FSSAI പറയുന്നത്. അതുകൊണ്ട് ഒരിക്കലും ബാക്കിയാവുന്ന എണ്ണ രണ്ട് തവണയില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക.
സ്‌മോക്കിംഗ് പോയിന്റ് വരെ ചൂടാക്കാതിരിക്കുക
പലപ്പോഴും എണ്ണ ചൂടാക്കാന്‍ വെക്കുമ്പോള്‍ പുകഞ്ഞുപോക്ാറുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ബാക്കിയാവുന്ന എണ്ണ അരിച്ച് സൂക്ഷിക്കുക
ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ മിക്കവാറും വറുത്തതിന്റെയോ പൊരിച്ചതിന്റെയോ ചെറിയ അവശിഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അത് അരിച്ചതിന് ശേഷം മാത്രമേ ഒരു പാത്രത്തില്‍ എണ്ണ സൂക്ഷിക്കാവൂ. എന്തെങ്കിലും ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ എണ്ണ പുളിക്കാനിടയുണ്ട്.
ഒരു മാസത്തിനകം ഉപയോഗിക്കുക
ഒരിക്കല്‍ ഉപയോഗിച്ച എണ്ണ അടച്ചുറപ്പുള്ള പാത്രത്തില്‍ ഈര്‍പ്പമോ, വായുവോ കടക്കാത്ത വിധം സൂക്ഷിക്കുക. ഒരു മാസത്തിനകം ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.
ചീത്തയായിട്ടില്ലെന്ന് ഉറപ്പ് വരുത്തുക
എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് മുമ്പ് ചീത്തയായിട്ടുണ്ടോ എന്ന് പരിശോധിക്കുക. എണ്ണയ്ക്ക് മുകളില്‍ പത കാണുക, പുളിച്ച മണം ഉണ്ടാകുക, കട്ടിയുള്ളതാകുക, ഇരുണ്ട നിറമാകുക എന്നിവ എണ്ണ ചീത്തയായതിന്റെ ലക്ഷണങ്ങളാകാം.
എപ്പോഴും ആവശ്യത്തിന് എണ്ണ മാത്രം ഉപയോഗിക്കുക
ആവശ്യത്തിലധികം എണ്ണ ഉപയോഗിച്ച് പാചകം ചെയ്യുമ്പോഴാണ് ഒരുപാട് ബാക്കിയാവുന്നത്. അതുകൊണ്ട് ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിച്ച് ശീലമാക്കുക. സ്വാഭാവികമായും പുനരുപയോഗിക്കേണ്ട സാഹചര്യവും വെറുതേ എണ്ണ കളയേണ്ടിവരുന്ന സാഹചര്യവും അങ്ങനെ ഒഴിവാകും.
Discussion about this post