തൃശ്ശൂർ: അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്.
വരയുടെ പരമശിവൻ എന്നറിയപ്പെടുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. മലയാള സാഹിത്യത്തിലെ വിഖ്യാതമായ പല കഥാപാത്രങ്ങളും വിരിഞ്ഞത് നമ്പൂതിരിയുടെ വിരൽത്തുമ്പിലായിരുന്നു. മഹാൻമാരായ എഴുത്തുകാർക്ക് അവരുടെ സാഹിത്യ സൃഷ്ടിയിൽ നമ്പൂതിരിയുടെ വര നിർബന്ധമായിരുന്നു. മോഹൻലാലിന്റെ ആവശ്യപ്രകാരം സൗന്ദര്യലഹരിയെ ആസ്പദമാക്കി അദ്ദേഹം രചിച്ച പെയിന്റിംഗ് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടേയും ദുഖത്തിൽ പങ്കുചേരുന്നു- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
അർദ്ധരാത്രി 12.21 ഓടെയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയ്ക്കൽ കിംസ് ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ മരണം.
Discussion about this post