തിരുവനന്തപുരം: പ്രസിഡന്റ് എം. രാധാകൃഷ്ണനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി തിരുവനന്തപുരം പ്രസ് ക്ലബ്. സംസ്ഥാന പോലീസ് മേധാവിയ്ക്കാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുള്ളത്. എംഎൽഎ പി.വി അൻവറിന്റെ കൂട്ടാളികളാണ് ഫോണിലൂടെ രാധാകൃഷ്ണനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രസ് ക്ലബ്ബ് പ്രസ്താവന പുറത്തറിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണനെതിരെ ഭീഷണിയുമായി പി.വി അൻവറിന്റെ അനുയായികൾ രംഗത്ത് എത്തിയത്. പ്രസ്‌ക്ലബ്ബിന്റെ വാർത്താക്കുറിപ്പ് എംഎൽഎയ്ക്ക് എതിരാണ് എന്നാണ് ഇക്കൂട്ടർ കരുതിയിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിലെ പോലീസ് അതിക്രമങ്ങൾക്കെതിരെയും സ്ത്രീകൾ അടക്കമുള്ള മാദ്ധ്യമപ്രവർത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ്ബ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഈ കുറിപ്പിലെ ചില പരാമർശങ്ങൾ അൻവർ എംഎൽഎയ്ക്ക് എതിരെയാണെന്ന് മുൻവിധിയോട് കൂടിയാണെന്ന് എംഎൽഎയുടെ അനുയായികൾ അവകാശപ്പെടുന്നു. ഇതേ തുടർന്നാണ് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ നമ്പറിലേക്കും സമൂഹമാദ്ധ്യമങ്ങളിലും നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നത്. നിരവധി നമ്പറുകളിൽ നിന്നായി ഭീഷണി ലഭിക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
Discussion about this post