ന്യൂഡൽഹി: കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തങ്ങളുടെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ചത്. എന്നാൽ തന്റെ അപക്വവും നിരുത്തരവാദപരവുമായ സംസാരം കൊണ്ട് രാഹുൽ വയനാട്ടിലെ ജനതയുടെ സ്വരം പാർലമെന്റിൽ കേൾപ്പിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ഗുജറാത്ത് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയോടായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
പിന്നാക്ക വിഭാഗത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നയാളാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിലുണ്ടെന്ന് കോടതി എടുത്തുപറഞ്ഞു. ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമേന്ദ്ര പ്രച്ഛകിൻറെ ബഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.
അതേസമയം മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി നേരിട്ടതിന് പിന്നാലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. വിധിയിൽ അതിശയമൊന്നും ഇല്ലെന്നും ഇതെല്ലാം പ്രതീക്ഷിച്ചതാണെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
Discussion about this post