തിരുവനന്തപുരം: സംസ്ഥാന സർക്കാരും സിപിഎമ്മും കേരളത്തിൽ നടത്തുന്ന മാദ്ധ്യമവേട്ട അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സർക്കാരിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന് ഭരണപക്ഷത്തെ ഒരു എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തുടർഭരണത്തിന്റെ ഹുങ്കിൽ കേരളത്തെ ചൈനയാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. ചൈനയിലേതിന് സമാനമായി സർക്കാരിനെ പിന്തുണയ്ക്കുന്ന മാദ്ധ്യമങ്ങൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് അദ്ദേഹം വിമർശിച്ചു.
ഏറ്റവും ഒടുവിൽ തിരുവനന്തപുരം പ്രസ്ക്ലബ്ബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ സിപിഎം സൈബർ ഗുണ്ടകൾ വധഭീഷണി മുഴക്കിയിരിക്കുകയാണ്. പിവി അൻവർ എംഎൽഎ നേരിട്ടാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത്. ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ എന്ന പേരിൽ സംസ്ഥാനത്തെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതാണ് ഈ വെറുപ്പിന് കാരണമെന്ന് വ്യക്തമാണ്. കള്ളപ്പണക്കാരും മാഫിയകളുമാണ് കേരള ഭരണം നിയന്ത്രിക്കുന്നതെന്ന് ഓരോ ദിവസം കഴിയുംതോറും വ്യക്തമായി കൊണ്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post