കൊച്ചി; മറുനാടൻ മലയാളി വിഷയത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഷാജൻ സ്കറിയയുടെ സുഹൃത്തും മാദ്ധ്യമപ്രവർത്തകനുമായ വിശാഖൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഷാജൻസ്കറിയയെ കണ്ടെത്താൻ എന്ന പേരിൽ വിശാഖൻറെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിയിലാണ് ഹൈക്കോടതി ഇടപെട്ടത്. വിശാഖൻ കേസിലെ പ്രതിയല്ല, അദ്ദേഹത്തിനെതിരെ എഫ്ഐആർ ഇല്ല. പിന്നെ ഇത്തരം പോലീസ് നടപടികൾ എന്തിന് പ്രയോഗിക്കുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിൽ പ്രതിയല്ലാത്ത ഒരാളെ പോലീസിന് എങ്ങനെ കസ്റ്റഡിയിലെടുക്കാനാവും എന്നും കോടതി ചോദിച്ചു. വിശാഖൻറെ ഫോൺ ഉടൻ വിട്ടുനൽകണമെന്നും കോടതി പോലീസിന് നിർദ്ദേശം നൽകി.
അദ്ദേഹം ഒരു ക്രിമിനൽ കേസിലെ പ്രതിയല്ല, ഫോൺ വിട്ടുനൽകണം. മാദ്ധ്യമപ്രവർത്തകർ ജനാധിപത്യത്തിൻറെ അടിസ്ഥാന തൂണാണ്. അവരുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നത് ശരിയായ പ്രവണതയല്ല. ഷാജൻ സ്കറിയയെ കണ്ടെത്തേണ്ടത് പോലീസിൻറെ ജോലിയാണ്. ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിന് ഹൈക്കോടതി വിമർശനം. അറസ്റ്റ് വൈകുന്നത് പൊലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരിൽ മറ്റു മാദ്ധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞു. കേസിൽ പ്രതിയല്ലാത്തവരെ ചോദ്യം ചെയ്യുന്നതും അവരുടെ ഫോണുകൾ പിടിച്ചെടുക്കുന്നതും ശരിയായ പ്രവണതയല്ല, കോടതി നിരീക്ഷിച്ചു.
അതേ സമയം ഷാജൻ സ്കറിയ ഇന്ന് മുൻകൂർ ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിക്കും. രാജ്യത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ സംഘമാണ് ഷാജന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്നത്. സീനിയർ അഭിഭാഷകരായ സിദ്ധാർഥ് ലൂതറയും, ദുഷ്യന്ത് ദാവെയും ഷാജന് വേണ്ടി ഹാജരാകുമെന്നാണ് സൂചന. സാജൻ സ്കറിയക്ക് എതിരായ പരാതിക്കാരൻ പി വി ശ്രീനിജിന് വേണ്ടിയും സീനിയർ അഭിഭാഷകർ ഹാജരായേക്കും.
Discussion about this post