തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ പി.വി അൻവർ എംഎൽഎയുടെ അനുയായികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്. ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്കാണ് സെക്രട്ടേറിയേറ്റ് മാർച്ച്
പ്രസ് ക്ലബ്ബിന് മുൻപിൽ നിന്നാകും മാർച്ച് ആരംഭിക്കുക. പ്രതിഷേധ പ്രകടനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും മുതിർന്ന മാദ്ധ്യ പ്രവർത്തകരും പങ്കെടുക്കും.
ചില ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരേ എന്ന പേരിൽ ഭരണപക്ഷ എംഎൽഎ തുടങ്ങി വച്ച സൈബർ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണെന്ന് പ്രസ് ക്ലബ്ബ് അറിയിച്ചു. വിമർശിക്കുന്ന മാദ്ധ്യമങ്ങളേയും മാദ്ധ്യമപ്രവർത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎൽഎയും സംഘവും മുന്നോട്ടു പോവുന്നത്.
അൻവറിന്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാദ്ധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അരിശം തുടങ്ങിയത്. കള്ളപ്പണക്കാരെയും ഗുണ്ടാ നേതാക്കൻമാരെയുമൊക്കെ ജനപ്രതിനിധി സഭകളിലേക്ക് മത്സരിപ്പിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അപകടപ്പെടുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഓർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാവിയിൽ ഇതിന്റെയൊക്കെ ദുരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് നേതൃത്വം തിരിച്ചറിയണം. ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകർ ഇതൊന്നും അംഗീകരിക്കില്ലെന്നുറപ്പ്.
വേട്ടയാടപ്പെടുന്ന മാദ്ധ്യമപ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബർ ഗുണ്ടകൾ സമൂഹമാദ്ധ്യമങ്ങൾ വഴിയും ഫോണിലും ഭീഷണി മുഴക്കുകയാണ്. വ്യാജവാർത്തകളോ അസത്യങ്ങളോ പ്രചരിപ്പിക്കുന്ന മാദ്ധ്യമങ്ങളോ മാദ്ധ്യമപ്രവർത്തകരോ ഉണ്ടെങ്കിൽ അത് നിയമപരമായി നേരിടാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്. അങ്ങനെ നേരിടേണ്ടതിന് പകരം ഒരു വ്യവസായി കൂലി ഗുണ്ടകളുടെ പിൻബലത്തിൽ ഗുണ്ടായിസവും ഭീഷണിയും നടത്തുന്നത് അംഗീകരിക്കാനാവില്ല. മാദ്ധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് നിയമസംഹിതയും ജനാധിപത്യവും അരക്കിട്ടുറപ്പിക്കണം.
മാദ്ധ്യമങ്ങളെ വെല്ലുവിളിക്കുകയും മാദ്ധ്യമ പ്രവർത്തകരെ വൺ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎൽഎയെ നിലയ്ക്കു നിർത്താനും മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ചെന്നും പ്രസ് ക്ലബ്ബ് വ്യക്തമാക്കി.
Discussion about this post