കണ്ണൂർ: ഏകീകൃത സിവിൽ കോഡിനെ ഇഎംഎസ് അനുകൂലിച്ചിരുന്നുവെന്ന വാദം തള്ളി ഇ.പി ജയരാജൻ. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ഇഎംഎസിന്റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ഇഎംഎസ് പറഞ്ഞിട്ടില്ല. പ്രചരിക്കുന്നത് അബദ്ധധാരണകൾ മാത്രം. 1985 ൽ അന്നത്തെ പ്രതിപക്ഷം ആയ സിപിഎം നിയമസഭയിൽ ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ചുവെന്നാണ് പ്രചരിക്കുന്നത്. എന്നാൽ 85 ലെ നിയമസഭാ പ്രസംഗം പരിശോധിച്ചാൽ ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ചിട്ടില്ലെന്ന് വ്യക്തമാകും. സിപിഎം എല്ലാകാലത്തും ഏകീകൃത സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും ജയരാജൻ ചോദിച്ചു.
മൃതു ഹിന്ദുത്വ നിലപാടാണ് സിപിഎം കാത്ത് സൂക്ഷിക്കുന്നത്. ഈ കാരണം കൊണ്ടാണ് ദേശീയ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നത്. ഈ നിലപാട് മാറ്റിയാൽ കോൺഗ്രസിനെയും സെമിനാറിലേക്ക് ക്ഷണിക്കും. ലീഗിനെ ക്ഷണിച്ചത് വോട്ട് ലക്ഷ്യമിട്ട് അല്ല. സിപിഎമ്മുമായി പല കാര്യങ്ങളിലും ലീഗ് സഹകരിച്ചിട്ടുണ്ട്.
പലകാര്യങ്ങളിലും പ്രധാനമന്ത്രിയെ ആണ് കോൺഗ്രസ് എതിർക്കേണ്ടത്. എന്നാൽ അത് ചെയ്യാതെ കോൺഗ്രസ് തങ്ങളെ എതിർക്കുന്നു. ലീഗിന്റെ പിന്തുണ ഉള്ളത് കൊണ്ട് മാത്രമാണ് കോൺഗ്രസ് ജയിക്കുന്നത്. ലീഗ് വിട്ട് പോയാൽ പിന്നെ യുഡിഎഫ് ഇല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുന്നണി വിടണമോ തുടരണോ എന്നത് ലീഗ് ആലോചിക്കേണ്ട കാര്യമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post