മാര്‍ക്കറ്റിംഗും ബ്രാന്‍ഡ് പ്രമോഷനും ഏറ്റവും മികച്ചതും വ്യത്യസ്തവും ആക്കാന്‍ ബ്രാന്‍ഡുകള്‍ ഏതറ്റം വരെയുംപോകുന്ന കാലമാണിത്. ഇവയില്‍ ചിലതെല്ലാം ശ്രദ്ധിക്കപ്പെടും, മറ്റ് ചിലത് ശ്രദ്ധിക്കപ്പെടാതെയും പോകും. ഓണ്‍ലൈനില്‍ ആയാലും ഓഫ്‌ലൈനില്‍ ആയാലും പരസ്യങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ അതില്‍ വ്യത്യസ്തതയും പുതുമയും വേണം. അത്തരത്തില്‍ കഴിഞ്ഞിടെ ലോകത്ത് ശ്രദ്ധിക്കപ്പെട്ട, വളരെ മികച്ച അഞ്ച് പരസ്യ ആശയങ്ങള്‍ ഇതാ.
ലണ്ടന്‍ മെട്രോയെ ‘കണ്ണെഴുതിച്ച’ മേബിലൈന്‍ പരസ്യം
കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡ് ആയ മേബിലൈന്‍ കഴിഞ്ഞിടെ ചെയ്ത മാര്‍ക്കറ്റിംഗ് ക്യാംപെയിന്‍ വളരെയധികം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ലാഷ് സെന്‍സേഷണല്‍ സ്‌കൈ ബൈ വാട്ടര്‍പ്രൂഫ് മസ്‌കാരയ്ക്ക് വേണ്ടി മേബിലൈന്‍ ചെയ്ത പരസ്യമാണ് ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ചില മെട്രോ ട്രെയിനുകളുടെയും ബസുകളുടെയും മുന്‍ഭാഗം വലിയ കണ്‍പീലികള്‍ വെച്ച് കണ്ണ് പോലെ തോന്നിക്കും വിധത്തിലായിരുന്നു മേബിലൈന്‍ തങ്ങളുടെ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്തത്. കൂടാതെ പല മെട്രോ സ്‌റ്റേഷനുകളിലും ബസുകളിലും വലിയ മസ്‌കാര ട്യൂബ് സ്റ്റാന്‍ഡുകളും പ്രതിഷ്ഠിച്ചു. ഇതെല്ലാം ജനങ്ങളുടെ ശ്രദ്ധ നേടി. ഈ വിധത്തില്‍ അലങ്കരിച്ച ബസുകളും മെട്രോകളും പാഞ്ഞുപോകുമ്പോള്‍ ഇളകുന്ന കണ്‍പീലി പോലെ തോന്നിച്ചു. എന്തായാലും ഈ പരസ്യത്തോടെ മേബിലൈനിന്റെ പുതിയ മസ്‌കാരയ്ക്ക് ആവശ്യക്കാര്‍ കൂടിയെന്നാണ് റിപ്പോര്‍ട്ട്.
View this post on Instagram
ഗ്ലാസ്‌റ്റോണ്‍ബെറിയില്‍ പിസ്സ എത്തിക്കാന്‍ റോക്കറ്റ്മാന്‍ ജെറ്റ് പാക്ക്
നിങ്ങള്‍ പിസ്സ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ അയേണ്‍ മാനെ പോലെ ഒരാള്‍ ജെറ്റ് പാക്ക് ഫ്‌ളയിംഗ് സ്യൂട്ട് ധരിച്ച് പറന്നുവന്ന് പിസ്സ കൊണ്ടുതന്നാല്‍ എങ്ങനെയിരിക്കും. പ്രശസ്ത പിസ്സ ബ്രാന്‍ഡ് ആയ ഡോമിനോസ് ഇങ്ങനെ ആരും ചിന്തിക്കാത്ത വഴികളിലൂടെ മാര്‍ക്കറ്റിംഗ് നടത്തുന്ന ബ്രാന്‍ഡ് ആണ്. പിസ്സ ഡെലിവറി ചെയ്യുന്നതിന് റോബോട്ടുകളെ മുതല്‍ ഡ്രൈവറില്ലാ കാറുകളെ വരെ അവര്‍ ഉപയോഗപ്പെടുത്തും. ഉദാഹരണത്തിന് കഴിഞ്ഞിടെ യുകെയില്‍ നടന്ന ഗ്ലാസ്‌ടോണ്‍ബറി മ്യൂസിക് ഫെസ്റ്റിവലില്‍ ജെറ്റ് പാക്ക് സ്യൂട്ട് ധരിച്ച ഒരാള്‍ പറന്നെത്തിയാണ് പിസ്സ ഡെലിവര്‍ ചെയ്തത്. ആളുകളെ ശരിക്കും ഞെട്ടിച്ച ഈ മാര്‍ക്കറ്റിംഗ് വളരെയധികം ശ്രദ്ധ നേടി.
View this post on Instagram
ഡ്രോണ്‍ ഡെലിവറി ഹിറ്റാക്കിയ ആദ്യ ബ്രാന്‍ഡ്, ടൂത്ത് ബ്രഷ് ഡെലിവറി ചെയ്യുന്ന ഡ്രോണ്‍
സാധനങ്ങളും ഭക്ഷണങ്ങളും ഡെലിവര്‍ ചെയ്യുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുന്നത് സമീപകാലത്തായി വളരെയധികം ഹിറ്റായ മാര്‍ക്കറ്റിംഗ് തന്ത്രമാണ്. പകര്‍ച്ചവ്യാധിക്കാലത്താണ് ഈ ട്രെന്‍ഡ് വലിയ രീതിയിലുള്ള ജനശ്രദ്ധ പിടിച്ചുപറ്റിയത്. സ്വിഗ്ഗി മുതല്‍ സൊമാറ്റോ വരെ എല്ലാവരും ഡ്രോണുകളെ ഉപയോഗിച്ച് ഡെലിവറി സേവനം നടത്തിയത്. പക്ഷേ ഇത് തുടങ്ങിവെച്ചത് ഏത് ബ്രാന്‍ഡ് ആണെന്ന് പലര്‍ക്കും അറിയില്ല. ഓറല്‍-ബി ആണ് ഡ്രോണ്‍ വഴിയുള്ള ഡെലിവറി സേവനം ആദ്യം ആരംഭിച്ചത്. മാര്‍ക്കറ്റിംഗിന്റെ ഭാഗമായി മാധ്യമങ്ങള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കുമാണ് ഓറല്‍-ബി തങ്ങളുടെ iO ടൂത്ത് ബ്രഷുകള്‍ ഡ്രോണ്‍ വഴി എത്തിച്ചത്. ഇത് 2020 ആഗസ്റ്റിലായിരുന്നു. നാലു ദിവസമാണ് യുകെയില്‍ ഉടനീളം ഓറല്‍-ബി ഈ പുതിയ മാര്‍ക്കറ്റിംഗ് നടത്തിയത്.
ബഹിരാകാശത്ത് നിന്നും കണ്ട കെഎഫ്‌സിയുടെ ആ മുഖം
ഫ്രൈഡ് ചിക്കന്റെ രുചി കൊണ്ട് മാത്രമല്ല, പകരം വെക്കാനില്ലാത്ത പരസ്യ ആശയങ്ങള്‍ കൊണ്ടും ലോകം മുഴുവന്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് ആണ് കെഎഫ്‌സി. 2006-ല്‍ അവര്‍ നടത്തിയ പരസ്യ ക്യാംപെയിന്‍ വളരെ മികച്ച ഒന്നായിരുന്നു. ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ ഇന്ന് അത്ര പുതിയ ആശയമൊന്നും അല്ല. പക്ഷേ 2006ല്‍ അത് വളരെ പുതുമയുള്ള ഒന്നായിരുന്നു. കമ്പനിയുടെ പുതിയ ലോഗോയുടെ പ്രചാരണാര്‍ത്ഥം നേവദ മരുഭൂമിയുടെ നടുക്ക് ഒരു വലിയ ലോഗോ പതിപ്പിക്കാന്‍ കെഎഫ്‌സി തീരുമാനിച്ചു. പതിനായിരക്കണക്കിന് ടൈലുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഈ ലോഗം 87,000 ചതുരശ്ര അടി വലുപ്പത്തില്‍ ഉള്ളതായിരുന്നു. ഈ പരസ്യം പിന്നീട് ‘ഫെയ്‌സ് ഫ്രം ദ സ്‌പേസ്’ എന്നറിയപ്പെട്ടു. ഇത് ബഹിരാകാശത്ത് നിന്നും കാണാനാകുന്നത് കൊണ്ടും ഗൂഗിള്‍ എര്‍ത്തില്‍ വളരെ വ്യക്തതയോടെ കാണാനാകും എന്നതുകൊണ്ടും ആണ് ഇങ്ങനെയൊരു വിളിപ്പേര് കെഎഫ്‌സി പരസ്യത്തിന് ലഭിച്ചത്.
അന്യഗ്രഹ ജീവിയോ വിമാനമോ പക്ഷിയോ ഒന്നുമല്ല, റെഡ്ബുള്‍ ആണത്
അസാധാരണമായ ഉദ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് റെഡ്ബുള്ളിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. 2018 മാര്‍ച്ച് 20ന് റെഡ്ബുള്‍ കമ്പനി നടത്തിയ പരസ്യ ക്യാംപെയിന്‍ വ്യത്യസ്തമായ മാര്‍ക്കറ്റിംഗിന്റെ മറ്റൊരു ഉദാഹരണമാണ്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ അന്നവര്‍ ന്യൂ മൂണ്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ഈ പരിപാടിക്കിടെ മൂന്ന് ആളുകള്‍ ചിറകുകള്‍ പോലുള്ള വസ്ത്രം ധരിച്ച് പടിഞ്ഞാറന്‍ ചിക്കാഗോയിലെ ഏറ്റവും വലിയ കെട്ടിടത്തിനേക്കാള്‍ ഉയരത്തില്‍ നിന്നും ഹെലികോപ്ടറില്‍ നിന്നും താഴേക്ക് ചാടി. കാണുന്നവര്‍ക്ക് വാല്‍നക്ഷത്രമോ അന്യഗ്രഹ ജീവികളോ എന്ന് തോന്നല്‍ ജനിപ്പിക്കുന്നതിനായി സ്പാര്‍ക്ലര്‍ മെക്കാനിസം എന്ന സംവിധാനവും ചാടിയവര്‍ക്ക് നല്‍കിയിരുന്നു. ന്യൂ മൂണിനെ കാണാന്‍ ആകാശത്തേക്ക് നോക്കി നിന്നവര്‍ വാല്‍നക്ഷത്രമാണോ അന്യഗ്രഹ ജീവികളാണോ ആകാശത്ത് പ്രത്യക്ഷപ്പെട്ടതെന്ന് അറിയാതെ മിഴിച്ചുനിന്നപ്പോള്‍ റെഡ്ബുള്‍ കമ്പനി പരസ്യം വിജയിച്ചതില്‍ സന്തോഷിച്ചു.
Discussion about this post