രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി ബിജെപി നേതാവിന്റെ അച്ഛനെ മാർക്സിസ്റ്റ് പാർട്ടിക്കാർ കളളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് പ്രമുഖ അഭിഭാഷകനായ പ്രതാപ് ജി പടിക്കൽ. തെക്കെ മങ്കുഴി മാനഭംഗ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ബിജെപി നേതാവ് അരവിന്ദന്റെ അച്ഛനായ 75 വയസിന് മുകളിൽ പ്രായമുള്ള ചെല്ലപ്പനാണ് കേസിലെ പ്രതിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.
അരവിന്ദ് മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതിന് പിന്നാലെ എതിർ പാർട്ടിക്കാർ അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കേസിൽ അച്ഛനെ കുടുക്കാനാണ് ശ്രമം നടന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –
തെക്കെ മങ്കുഴി മാനഭംഗ കേസ്
ചെല്ലപ്പന് 75 വയസിനു മുകളിലാണ് പ്രായം. ഒരു സാധാരാണക്കാരൻ. മകൻ അരവിന്ദ് ബി. ജെ. പി പ്രവർത്തകനാണ്. മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചു.
ഒരു ദിവസം അരവിന്ദ് എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഫയൽ ഉണ്ട്. ഈ കേസ് ഒന്നു നടത്തണം. ആമുഖമില്ലാതെ ആ ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ ഫയൽ വാങ്ങി ആദ്യം നോക്കിയത് സെക്ഷനാണ്. കുറ്റം മാനഭംഗമാണ്. ആരുമില്ലാത്ത സമയത്ത് അയൽ വീട്ടിലെ വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്നതാണ് ആരോപണം.
ഞാൻ അരവിന്ദിനോട് എന്താണ് സംഭവം എന്നു ചോദിച്ചു. അല്പം വൈഷമ്യത്തോടെ അയാൾ പറഞ്ഞു….. പ്രതി എന്റെ അച്ഛനാണ്. രാഷ്ട്രീയ വിരോധത്തിൽ കെട്ടിച്ചമച്ച കേസാണ് ഇത്. എനിക്ക് ആയി രാഷ്ട്രീയ എതിരാളികൾ ഒരുക്കിയ ട്രാപ്പാണ് ഇത്. എന്നെ കിട്ടാഞ്ഞപ്പോൾ അച്ഛനെ പ്രതിയാക്കി…..
കേസിന്റെ നിലവിലെ സ്റ്റേജ് എന്താണെന്ന് ഞാൻ ചോദിച്ചു……
സാക്ഷി വിസ്താരത്തിനായി സമൻസ് ഓർഡറായിട്ടുണ്ട്. ഹെവി കൺഡസ്റ്റിങ്ങ് കേസ് ആണ്. നിലവിൽ ഹാജരാകുന്ന അഭിഭാഷകൻ കേസ് ശിക്ഷിക്കാൻ വലിയ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. അതു കൊണ്ട് അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് സാറിനെ സമീപിച്ചത്…..അരവിന്ദ് പറഞ്ഞ് നിർത്തി. ഞാൻ നോക്കാം എന്നു മാത്രം പറഞ്ഞു.
വിചാരണ തുടങ്ങി. ഇര ശക്തമായ രീതിയിൽ തന്നെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുത്തു. അവരുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും 2016 ലെ ഗാന്ധിജയന്തി ദിനത്തിൽ കേസിനാസ്പദമായ സംഭവം നടന്നു എന്ന നിലപാടിൽ ഉറച്ചു നിന്നു.
എന്നാൽ ക്രോസ് വിസ്താരത്തിൽ ഇത് കള്ളക്കേസാണെന്ന് വ്യക്തമാകുന്ന ചില കാര്യങ്ങൾ തെളിഞ്ഞ് വന്നു. ( മാനഭംഗ കേസായതിനാൽ ചില കാര്യങ്ങൾ എഴുതുന്നതിന് പരിമിതികൾ ഉണ്ട് )
കേസിലെ പ്രഥമ വിവരമൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതല്ല എന്നും യഥാർത്ഥ മൊഴി മറച്ചു വെച്ചിരിക്കയാണെന്നുമുള്ള തരത്തിലുള്ള ഡിഫൻസ് ആയിരുന്നു ഞാൻ സ്വീകരിച്ചത്. വിശദമായിത്തന്നെ കേസിന്റെ അന്തിമ വാദവും നടന്നു….
കേസിൽ ജൂലൈ 11 ന് വിധി പറയുമെന്ന് കോടതി പ്രഖ്യാപിച്ചു. വിധിയുടെ തലേ ദിവസം വൈകിട്ട് അരവിന്ദ് ഓഫിസിൽ എത്തി. എന്താകും വിധി എന്നുള്ള ഉത്കണ്ഠ അയാളുടെ മുഖത്ത് ഞാൻ കണ്ടു.
ജൂലൈ 11 ന് രാവിലെ തന്നെ ചെല്ലപ്പൻ എത്തി. ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം.
മറ്റൊരു കേസിൽ അത്യാവശ്യമായി എനിക്ക് ഹാജരാകാൻ ഉണ്ടായിരുന്നതുകൊണ്ട് ശില്പയും ഹരീഷുമാണ് ചെല്ലപ്പന്റെ കേസിന് വിധി കേൾക്കാൻ കോടതിയിൽ ഹാജരായത്.
അവസാനം കോടതി വിധി പറഞ്ഞു….. പ്രതി നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിരിക്കുന്നു….
തിരികെ ഓഫിസിൽ എത്തിയപ്പോൾ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഏഴു വർഷമായി അനുഭവിച്ചിരുന്ന വലിയ ഒരു ഭാരം ഒഴിഞ്ഞതിന്റെ ആനന്ദാശ്രുക്കളാൽ …..
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു….. പക്ഷെ ആരു കേൾക്കാൻ ?
Discussion about this post