കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി പ്രസ്താവം ഇന്ന്. സംഭവത്തിന്റെ മുഖ്യ സൂത്രധാരനും പോപ്പുലർഫ്രണ്ട് ഭീകരനുമായ എം.കെ.നാസർ ഉൾപ്പെടെ 11 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ കെ ഭാസ്‌കർ ആണ് വിധിപ്രസ്താവം നടത്തുന്നത്.
ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യ ഘട്ട കുറ്റപത്രത്തിന് ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. 2015 ഏപ്രിൽ 30നാണ് ആദ്യഘട്ട വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതി പെരുമ്പാവൂർ ഓടക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിൻറെ കൈപ്പത്തി വെട്ടിമാറ്റിയത്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതെന്നും എൻഐഎ കണ്ടെത്തിയിരുന്നു. സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്.
Discussion about this post