കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം ആകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമത്തിനെതിരായ സിപിഎം നിലപാട് ബൂമറാംഗ് പോലെ തിരിച്ചടിയ്ക്കും. സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത് എന്നും സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് മല എലിയെ പ്രസവിച്ചത് പോലെയാകും. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത്. എന്നാൽ ഇത് നാളെ ബൂമറാംഗ് പോലെ തിരിച്ചടിക്കും. ഇഎംഎസ് ഉൾപ്പെടെ ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ സിപിഎം സ്വീകരിക്കുന്ന നിലപാട് നഷ്ടക്കച്ചവടം ആകും.
സിഎഎ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും സിപിഎമ്മും നടത്തിയ കള്ള പ്രചാരണങ്ങൾ നാം കണ്ടതാണ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കാൻ മഅദനിയുടെ പക്ഷത്തെ മഹാഭൂരിപക്ഷം ആളുകളും തയ്യാറല്ല. കേരളത്തിലെ പല രജിസ്റ്റർ ഓഫീസുകളിലും പല മുസ്ലീം ദമ്പതിമാരും നിയമപ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുകയാണ്. എറണാകുളത്തെ ഒരു രജിസ്റ്റർ ഓഫീസിൽ മാത്രം അഞ്ച് ദമ്പതികളാണ് പുനർവിവാഹം നടത്തിയത്. അടുത്തിടെ ഷുക്കൂർ വക്കീൽ പുനർവിവാഹം ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് പേരാണ് രജിസ്റ്റർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തത്.
സിപിഎം സെമിനാർ ലീഗിനെ ചാക്കിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അത് ലീഗ് മനസിലാക്കിയിട്ടുണ്ട്. യാഥാസ്ഥിതിക മതതീവ്രവാദികളുടെ പ്രചാരണങ്ങൾ മുസ്ലീം സമുദായങ്ങൾക്കിടയിൽ വിലപ്പോവില്ല. മതമൗലിക വാദികൾക്ക് ഊർജ്ജം പകരാൻ മാത്രമേ അത് ഉപകരിക്കൂ.
ഏക സിവിൽകോഡിനെതിരെ വലിയ പ്രചാരണം നടക്കുമ്പോഴും സാധാരണ ജനങ്ങളുടെ പ്രശ്‌നം ആരും കാണുന്നില്ല. മെഡിക്കൽ കോളേജുകളിൽ ആരോഗ്യപ്രവർത്തകർ ഇല്ല. മുഖ്യമന്ത്രി പൂർണമായി കളമൊഴിഞ്ഞ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രി ഇപ്പോൾ വകുപ്പില്ലാ മന്ത്രി. അടിയന്തിരമായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post