ഇടുക്കി: മൂവാറ്റുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈ വെട്ട് കേസിൽ ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ മതമൗലികവാദികൾ രംഗത്ത്. കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരരെ പിന്തുണച്ചും ജോസഫ് മാഷിനെ കുറ്റപ്പെടുത്തിയുമാണ് പോസ്റ്റുകളും കമന്റുകളും വ്യാപകമാകുന്നത്. താൻ പഠിപ്പിക്കുന്ന മുസ്ലീം മതസ്ഥരായ കുട്ടികൾക്ക്, മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണം കാണുമ്പോൾ ഉണ്ടാകുന്ന മനോവിഷമം കണ്ട് ആനന്ദിക്കാൻ കാത്തിരുന്നൊരു സൈക്കോ മാത്രമല്ലേ ജോസഫ്?രാജ്യം നീതി നടപ്പാക്കും മുമ്പേ അയാളേക്കാൾ ഭ്രാന്തുള്ളവർ നിയമം കയ്യിലെടുത്തപ്പോൾ ജോസഫ് മാലാഖയായി എന്ന് ഒരാൾ കുറ്റപ്പെടുത്തി.
കൈവെട്ടിയത് ഭീകര പ്രവർത്തണമെന്ന് കോടതി…….ചെറ്റത്തരം എഴുതിയവനെതിരെ ഒരു നടപടിയുമില്ല……അവൻ അന്നും, ഇന്നലെയും,ഇന്നും വീണ്ടും വീണ്ടും അതാവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. എല്ലാം തന്നെ കൊണ്ട് കൊണ്ട് ലഭിച്ച നേട്ടം. നല്ല അദ്ധ്യാപകൻ ആയിരുന്നുവെങ്കിൽ ആ പാവങ്ങളും ജയിലിൽ പോകേണ്ട അവസ്ഥ വരില്ലായിരുന്നുവെന്നും കമന്റുകളുണ്ട്.
ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ. ജോസഫിൻറെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെയാണ് കോടതി ശരിവച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സജിൽ, മുഖ്യസൂത്രധാരനായിരുന്ന മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതിയായ നജീബ് എന്നിവർക്കാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകരപ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഒൻപതാം പ്രതിയായ നാഷൗദ്, പതിനൊന്നാം പ്രതിയായ മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതിയായ അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു.
രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയും കോടതി വിധിച്ചു. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ശിക്ഷാ വിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post