വാഷിംഗ്ടൺ: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റോറിയൽ സമിതി. ഒറിഗോൺ സെനറ്റർ ജെഫ് മാർക്ക്ലി, ടെന്നെസീ സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്സാസ് സെനറ്റർ ജോൺ കോർണിൻ എന്നിവർ ചേർന്നാണ് പ്രമേയം പാസാക്കിയത്. ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവർ പ്രമേയത്തെ പിന്താങ്ങി.
ചൈനക്കും ഇന്ത്യക്കും ഇടയിലെ അന്താരാഷ്ട്ര അതിർത്തിയായി മക്മോഹൻ രേഖയെ അമേരിക്ക അംഗീകരിക്കുന്നു. അതിൻ പ്രകാരം അരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനമാണെന്ന് പ്രമേയത്തിൽ പറയുന്നു. അരുണാചൽ പ്രദേശിന്റെ ഏറിയ പ്രദേശവും തങ്ങളുടേതാണ് എന്ന ചൈനയുടെ അവകാശവാദത്തിന് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന ഏറ്റവും ശക്തമായ തിരിച്ചടിയാണ് അമേരിക്കൻ സെനറ്റ് പാസാക്കിയ ഈ പ്രമേയം.
അരുണാചൽ പ്രദേശ് ഇന്ത്യൻ സംസ്ഥാനമാണ്. അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാണ്. ആ പ്രദേശത്തിന്മേൽ ചൈനക്ക് യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ഉന്നയിക്കാനാകില്ല. അന്താരാഷ്ട്ര നിയമങ്ങളെ എക്കാലവും മൂല്യവത്തായി പരിഗണിക്കുന്ന അമേരിക്ക, ഇക്കാര്യത്തിൽ നിലപാട് ആവർത്തിക്കുന്നു. പ്രമേയത്തിൽ വ്യക്തമാക്കുന്നു.
സ്വതന്ത്രവും സുതാര്യവുമായ ഇന്തോ പസഫിക് മേഖലക്ക് ചൈന എക്കാലവും ഭീഷണി ഉയർത്തുകയാണ്. ഈ വിഷയത്തിൽ സുപ്രധാന പങ്കാളിയായ ഇന്ത്യക്കും ക്വാഡ് സഖ്യത്തിനും ഒപ്പം നിൽക്കുക എന്നത് അമേരിക്കയുടെ കർത്തവ്യമാണെന്നും പ്രമേയത്തിൽ വിശദീകരിക്കുന്നു.
ഇന്ത്യക്ക് മേൽ കടന്നു കയറാൻ ചൈന സദാ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യ ലോകത്തോടുള്ള കൂറ് അരക്കിട്ടുറപ്പിച്ചു കൊണ്ട് അമേരിക്ക ഇന്ത്യക്കൊപ്പം നിലകൊള്ളുന്നു. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള ചൈനയുടെ ഏകപഷീയമായ നീക്കങ്ങളെ അമേരിക്ക തള്ളിക്കളയുകയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post