തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചാന്ദ്ര ദൗത്യത്തിൽ ഇന്ത്യയുടെ പുതു ചരിത്രം കുറിക്കാൻ ചാന്ദ്രയാൻ 3 കുതിച്ചുയർന്നിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെൻററിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ഈ ദൗത്യം വിജയകരമാണെങ്കിൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. നേരത്തെ അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.
Discussion about this post