ബത്തേരി: അഞ്ചു വയസുള്ള മകളുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ദർശനം പുഴയിൽ ചാടിയത്. നാട്ടുകാർ ചേർന്ന് യുവതിയെ രക്ഷിച്ചെങ്കിലും മകളായ ദക്ഷയെ കണ്ടെത്താനായില്ല. അഞ്ചു വയസുകാരിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പുഴയിൽ ചാടും മുൻപ് യുവതി വിഷം കഴിച്ചിരുന്നു. ഇത് കരളിനെ ഉൾപ്പെടെ ബാധിച്ചതിനാൽ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ദർശന നാലുമാസം ഗർഭിണിയായിരുന്നു. പോസ്റ്റുമോർട്ടത്തിനും കമ്പളക്കാട് പോലീസിന്റെ തുടർനടപടികൾക്കും ശേഷം സംസ്‌കാരം പിന്നീട് നടക്കും.
ദർശനയും മകളും പാത്തിക്കൽ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇവരുടെ വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് പുഴ. അതേസമയം രക്ഷാപ്രവർത്തനത്തിനായി കമ്പളക്കാട് സിഐ കെ. അജീഷിന്റെ നേതൃത്വത്തിൽ പോലീസും കൽപറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയും എൻഡിആർഎഫ് സംഘവും എത്തിയിരുന്നു. സിഐ പുഴയിലിറങ്ങി തിരച്ചിലിന് നേതൃത്വം നൽകി. തിരച്ചിൽ നാളെയും തുടരും.
Discussion about this post